കൊച്ചി: എന്ത് പ്രകോപനം ഉണ്ടായാലും പോലീസുകാര്‍ അപരിഷ്കൃതമായി പെരുമാറരുതെന്ന് ഹൈക്കോടതി. പൗരന്മാര്ക്ക് നേരെയുള്ള പോലീസുകാരുടെ മ്ലേച്ഛമായ പെരുമാറ്റം അനുവദിക്കില്ലെന്നും ഉചിതമായ നടപടികളിലൂടെ നേരിടുമെന്നും കോടതി പറഞ്ഞൂ. ഭരണഘടനാ മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് പ്രൊഫഷണലായി പെരുമാറണമെന്നും കോടതി വ്യക്തമാക്കി. എല്ലാ പൗരന്മാരോടും പോലീസ് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്കി. ജൂണ്‍ 26 ന് ഉച്ചയ്ക്ക് 1.45 ന് കോടതിയുമായി ആശയവിനിമയം നടത്തുന്നതിന് ഓണ്‍ലൈനില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പോലീസ് മേധാവിയോട് നിര്‍ദേശിച്ചു.
ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പോലീസ് സേനക്കെതിരെ നിശിത വിമര്‍ശനം ആവര്‍ത്തിച്ചത്. പോലീസ് കര്‍ക്കശക്കാരും ശക്തരുമായിരിക്കുമ്പോഴും മര്യാദയുണ്ടാവണം. അവര്‍ സംരക്ഷകരാണെന്ന് ഓര്‍മയുണ്ടാവണം. പോലീസ് സ്റ്റേഷനുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസാണ്. ഒരാവശ്യം വന്നാല്‍ പോലീസിന്റെ അടുത്തേക്കോ പോലീസ് സ്റ്റേഷനിലോ പോകാമെന്ന് ഓരോ പൗരന്മാര്ക്കും തോന്നത്തക്ക രീതിയില്‍ മാറേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
പോലീസ് സേനയില്‍ അഭിമാനമുണ്ടെന്നും അത് ഏറ്റവും മികച്ച ഒന്നായി കണക്കാക്കുന്നുവെന്നും കോടതി തുടര്‍ന്നു. എന്നിരുന്നാലും, ഒരുദ്യോഗസ്ഥനില്‍ നിന്ന് പോലും പോലീസിന്റെ മോശം പെരുമാറ്റം അനുവദിക്കാനാവില്ല, കാരണം അത് മുഴുവന്‍ സേനയുടെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പൗരന്മാരോട് അപമര്യാദയായി പെരുമാറരുതെന്ന് പോലീസിന് നല്കിയ കോടതിയുടെ നിര്‍ദേശം ലംഘിച്ചതിന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജികളാണ് ബെഞ്ച് പരിഗണിക്കുന്നത്. പൗരന്മാര്ക്കെതിരെ ‘അധിക്ഷേപകരമായ വാക്കുകള്‍’ ഉപയോഗിക്കരുതെന്ന് പോലീസിനോട് കോടതി നേരത്തെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, സംസ്ഥാന പോലീസ് മേധാവി ഓണ്‍ലൈനില്‍ കോടതിയില്‍ ഹാജരാകുകയും പോലീസില്‍ നിന്നുള്ള മാന്യമായ പെരുമാറ്റം ഉറപ്പാക്കാനും പൗരന്മാര്ക്കെതിരെ അധിക്ഷേപകരമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് തടയാനും സര്‍ക്കുലറുകളും പുറപ്പെടുവിച്ചു.
സീബ്ര ക്രോസിങ്ങിലെ കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ എന്താണ് സംവിധാനമുള്ളതെന്ന് ആരാഞ്ഞ കോടതി ഒന്നര കൊല്ലം മുന്‍പ് ഇക്കാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടിയതാണെന്നും പറഞ്ഞു. കഴിഞ്ഞദിവസം സീബ്ര ക്രോസിങ്ങില്‍ ഒരു പെണ്‍കുട്ടിയെ ബസിടിച്ചു വീഴ്ത്തിയ കാര്യം സൂചിപ്പിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഓരോ പൗരനെയും തുല്യരായി കണക്കാക്കുന്ന ഭരണഘടനയാണ് ഉള്ളത്, അവിടെ അടിച്ചമര്‍ത്തുന്ന കൊളോണിയല്‍ മനോഭാവം പാടില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: