തിരുവനന്തപുരം: സംരംഭകത്വത്തിന് മുന്‍തൂക്കം നല്‍കിയും സാങ്കേതിക വിദ്യയിലേക്ക് മാറിയും ബിടെക് പാഠ്യപദ്ധതി പരിഷ്കരിക്കുന്നു.
ചലഞ്ച് കോഴ്സുകളും എല്ലാ ബ്രാഞ്ചുകള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സും ഡാറ്റാ സയന്‍സ് ക്ലാസുകളും. ഒന്നാം വര്‍ഷത്തെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ അതാത് ബ്രാഞ്ചുകള്‍ക്ക് ഉപയോഗപപ്രദമാകുന്ന തരത്തിലേക്കും മാറും. ഒരു സെമസ്റ്റര്‍ ഇന്റേണ്‍ഷിപ്പിന് മാത്രമായി മാറ്റാനം അവസരം. ഈ അധ്യയന വര്‍ഷം മുതലുള്ള വിദ്യാര്‍ത്ഥികളാകും പുതിയ കരിക്കുലത്തിലേക്ക് മാറുക.
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ചിട്ടപ്പെടുത്തിയ ‘ചലഞ്ച് കോഴ്സുകള്‍’ വഴി പാഠ്യവിഷയങ്ങള്‍ പഠിക്കാതെ തന്നെ അക്കാദമിക് ക്രെഡിറ്റുകള്‍ നേടാം. ‘ചലഞ്ച് കോഴ്സു’കളായി തിരഞ്ഞെടുത്തു പഠിക്കാവുന്ന വിഷയങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സെമസ്റ്ററിലുള്ള വിദ്യാര്‍ത്ഥിക്ക് മൂന്നാം സെമസ്റ്ററിലെ വിഷയം എഴുതി എടുക്കാം എന്നതാണ് പ്രത്യേകത. ചലഞ്ച് കോഴ്സുകളിലൂടെ ബിടെക് പൂര്‍ത്തിയാക്കാന്‍ 170 ക്രെഡിറ്റുകള്‍ നേടുന്ന വിദ്യാര്‍ത്ഥിക്ക് അവസാന രണ്ട് സെമെസ്റ്ററുകളില്‍ ഒന്ന് ഇന്റേണ്‍ഷിപ്പിനായി ഉപയോഗിക്കാം. എല്ലാ പഠന ശാഖകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റാ സയന്‍സും ഉണ്ടാകും.
പുതിയ പാഠ്യപദ്ധതി പ്രോജക്റ്റ് അധിഷ്ഠിത പഠനം എന്നതാണ് മറ്റൊരു പ്രത്യേകത. പരമ്പരാഗത ക്ലാസ്റൂം അധ്യാപത്തിനുപരിയായി വിദ്യാര്‍ത്ഥികള്‍ പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്ന വിദ്യാഭ്യാസ രീതിയാണിത്. നാസ്കോം, കെഡിസ്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് തുടങ്ങിയ സര്‍ക്കാര്‍, സര്‍ക്കാരിതര സംരംഭങ്ങളുടെ സഹായത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെഡിസ്ക്) പിന്തുണയോടെ സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കാനുള്ള പദ്ധതിയുമുണ്ട്.
ഏഴ് അല്ലെങ്കില്‍ എട്ട് സെമസ്റ്ററുകളില്‍ ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നു. നാല് മാസം മുതല്‍ ആറ് മാസം വരെ കുട്ടികള്‍ക്ക് തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം. ഇന്റേണ്‍ഷിപ്പിനു പുറമെ പാഠ്യപദ്ധതിയുടെ രൂപീകരണത്തിലും വ്യവസായ സ്ഥാപനങ്ങള്‍ക്കു കോളജുകളുമായി കൈകോര്‍ക്കാനും കരിക്കുലത്തില്‍ അവസരുണ്ട്. പ്രോജക്ട് അധിഷ്ഠിത പഠനമുള്ളതിനാല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
സംരംഭകത്വത്തില്‍ കൂടുതല്‍ അറിവ് വേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് അത് ‘മൈനര്‍’ വിഷയമായി എടുത്തു പഠിക്കാനുള്ള ഓപ്ഷനും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യങ്ങള്ക്കും കരിയര്‍ ലക്ഷ്യങ്ങള്‍ക്കും അനുസൃതമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും. എല്ലാ എന്‍ജിനീയറിങ് പ്രോഗ്രാമുകളിലും ഫിസിക്സ്, മാത്സ്, കെമിസ്ട്രി തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ക്ക് ഒരേ സിലബസാണ് പഠിപ്പിച്ചിരുന്നതെങ്കില്‍ പുതിയ പാഠ്യപദ്ധതിയില്‍, വിദ്യാര്‍ത്ഥികള്‍ ഈ വിഷയങ്ങള്‍ അവര്‍ തെരഞ്ഞെടുക്കുന്ന കോഴ്സിന് അനുസൃതമായ പ്രസക്തിയോടെയായിരിക്കും പഠിക്കുന്നത്. പരീക്ഷാ രീതിയിലും മൂല്യ നിര്‍ണയത്തിലും മാറ്റം വരുത്തുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഷാലിജ് പി. ആര്., സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സഞ്ജീവ് ജി., ഡോ. വിനോദ്കുമാര്‍ ജേക്കബ്, ഡീന്‍ അക്കാദമിക് ഡോ. വിനു തോമസ്, ഡയറക്ടര്‍ അക്കാദമിക് ഡോ. ലിബീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: