ന്യൂയോര്‍ക്ക്: ടി 20 ലോകകപ്പില്‍ മൂന്നാം വിജയവും സൂപ്പര്‍ എട്ട് സ്ഥാനവും ലക്ഷ്യമിട്ട് ടീം ഭാരതം ഇന്നിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ നടക്കുന്ന പോരാട്ടത്തില്‍ അട്ടിമറിവീരന്മാരായ യുഎസ്എയാണ് എതിരാളികള്‍. ഭാരത സമയം രാത്രി എട്ടിനാണ് കളി.
ആദ്യ കളിയില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഭാരതം ഇന്നിറങ്ങുന്നത്. കരുത്തുറ്റ ബാറ്റിങ് നിരയാണ് ഭാരതത്തിന്റെ കരുത്ത്. എന്നാല്‍ വിരാട് കോഹ്ലിക്ക് ഫോമിലേക്കുയരാനായിട്ടില്ലെന്നത് ഭാരതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അയര്‍ലന്‍ഡിനെതിരായ ആദ്യ കളിയില്‍ ഒരു റണ്ണും പാക്കിസ്ഥാനെതിരെ നാല് റണ്ണുമാണ് കോഹ്ലിക്ക് നേടാനായത്.
ആദ്യ കളിയില്‍ രോഹിത് ശര്‍മ അര്‍ദ്ധസെഞ്ചുറി നേടിയെങ്കിലും രണ്ടാം പാകിസ്ഥാനെതിരെ 13 റണ്‍സെടുത്ത പുറത്തായി. കഴിഞ്ഞ രണ്ട് കളികളിലും വിരാട്-രോഹിത് ഓപ്പണിങ് സഖ്യത്തിന് മികച്ച തുടക്കം നല്കാന് കഴിഞ്ഞതുമില്ല. രണ്ട് കളികളിലും മികച്ച പ്രകടനം നടത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ്. ആദ്യ കളിയില്‍ പുറത്താകാതെ 36 റണ്‍സെടുത്ത പന്ത് പാകിസ്ഥാനെതിരെ 42 റണ്‍സുമെടുത്തു. അതേസമയം ടി 20യിലെ ഏറ്റവും മികച്ച താരമായ സൂര്യകുമാര്‍ യാദവും ശിവം ദുബെയും നിരാശപ്പെടുത്തി.
ഇന്ന് അമേരിക്കക്കെതിരെ ഇറങ്ങുമ്പോള്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ഭാരതത്തിന്റെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ ശിവം ദുബെയും ഓപ്പണിര് റോളില്‍ വിരാട് കോലിയും നിരാശപ്പെടുത്തിയതിനാല്‍ ഇന്ന് അമേരിക്കക്കെതിരെ മാറ്റങ്ങളഓടെയാവും ഇറങ്ങുക എന്നാണ് സൂചന. യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. വിരാട് കോഹ്ലി ഓപ്പണര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ യശസ്വി ജയ്സ്വാള്‍ ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും. ജയ്സ്വാളിനെ ഓപ്പണിങ്ങില്‍ ഇറക്കിയാല്‍ കോഹ്ലി മൂന്നാമതും സൂര്യകുമാര്‍ നാലാമതും ഇറങ്ങും. ഈ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ തിളങ്ങിയ റിഷഭ് പന്ത് അഞ്ചാം നമ്പറിലേക്ക് മാറാനാണ് സാധ്യത.
മധ്യനിരയില്‍ ഫോമിലല്ലാത്ത ശിവം ദുബെക്ക് പകരം സ്പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണ് ഇറങ്ങാനും സാധ്യതയുണ്ട്. ആദ്യ രണ്ട് കളികളിലും ഓള് റൗണ്ടറായ ശിവം ദുബെ ഒരു ഓവര്‍ പോലും പന്തെറിഞ്ഞില്ല എന്നതിനാല്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനാണ് സാദ്ധ്യത.
ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ബാറ്റിങ് നിരക്ക് കരുത്തുകൂട്ടാന്‍ അക്സര്‍ തുടരുമ്പോള്‍ കുല്‍ദീപും ചാഹലും വീണ്ടും പുറത്തിരിക്കും. പേസ് നിരയില്‍ മറ്റ് സാധ്യതളൊന്നും ഇല്ലാത്തതിനാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ തുടരാനാണ് സാധ്യത. ബാറ്റുകൊണ്ട് സംഭവന നല്കിയില്ലെങ്കിലും രണ്ട് കളികളില്‍ നിന്നായി അഞ്ച് വിക്കറ്റുകള്‍ പിഴുത ഹാര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ മിച്ച പ്രകടനമാണ് നടത്തുന്നത്.
പാകിസ്ഥാനെതിരെ മത്സരത്തില്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഭാരതത്തെ വിജയത്തിലേക്ക് നയിച്ചത് ജസ്പ്രീത് ബുംറയുടെ ബൗളിങ്ങാണ്. ബുംറയുടെയും ഹാര്‍ദികിന്റെയും ബൗളിങ്ങാണ് യുഎസ്എ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവര്‍ക്കെതിരെ പിടിച്ചുനിന്നാലേ യുഎസിന് നേരിയ പ്രതീക്ഷയെങ്കിലും ഉള്ളൂ. യുഎസ്എയും മികച്ച പ്രതീക്ഷയിലാണ്.
കരുത്തരായ പാകിസ്ഥനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ് ഇന്നിങ്ങുക. ആദ്യ കളിയില്‍ കാനഡയെയും യുഎസ് തകര്‍ത്തിരുന്നു. നായകന് മൊനാക് പട്ടേല്‍, നിതീഷ് കുമാര്‍, ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രെ ഗൗസ് എ്ന്നീ ബാറ്റര്‍മാരിലാണ് യുഎസിന്റെ പ്രതീക്ഷകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: