തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഈ മാസം തുടങ്ങുമെന്നും പൂര്‍ണമായും വാണിജ്യ അടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഡിസംബറിനുള്ളില്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും തുറമുഖ മന്ത്രി വി. എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു.
പ്രോജക്ടിന്റെ 88 ശതമാനവും ഡ്രെഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ 98 ശതമാനവും ബ്രേക്ക് വാട്ടര്‍ നിര്‍മാണം 81 ശതമാനവും ബെര്‍ത്തിന്റെ നിര്‍മാണം 92 ശതമാനവും പൂര്‍ത്തീകരിച്ചു. ക്രെയ്‌നുകള്‍ ടഗ്ഗുകള്‍ തുടങ്ങി ആവശ്യമുള്ള പദ്ധതി ഉപകരണങ്ങളില്‍ ഭൂരിപക്ഷവും തുറമുഖത്ത് എത്തിച്ചു. കണ്ടെയ്‌നര്‍ യാര്‍ഡിന്റെ നിര്‍മാണത്തിന്റെ 74 ശതമാനം പൂര്‍ത്തിയായി, മറ്റ് കെട്ടിടങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിരിക്കുകയാണന്നും മന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 600 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. അടുത്ത രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ 700 പേര്‍ക്ക് കൂടി നേരിട്ട് തൊഴില്‍ നല്കാനാവുമെന്നാണ് കണക്കാക്കുന്നത്. അടുത്തഘട്ടം നിര്‍മാണ സമയത്ത് 2300 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാവും. ഇതിന്റെ മൂന്നിരട്ടിയോളം പേര്‍ക്ക് നേരിട്ടല്ലാതെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ചരക്കു നീക്കത്തിനായി തുറമുഖത്തേക്കുള്ള റെയില്‍ പാതയുടെ നിര്‍മാണം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ ആരംഭിക്കും. നോണ്‍ ഗവണ്‍മെന്റ് റെയില്‍വേ (എന്‍ജിആര്‍) മാതൃകയില്‍ നടപ്പിലാക്കുന്നതിനായി ദക്ഷിണ റെയില്‍വേയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
റെയില്‍പാതയ്‌ക്ക് ആവശ്യമായ 5.53 ഹെക്ടര്‍ സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ നടന്നു വരികയാണ്. 42 മാസം കൊണ്ട് പൂര്‍ത്തികരിക്കാമെന്ന് പ്രതീക്ഷ. കരാര്‍ അനുസരിച്ച് അന്താരാഷ്‌ട്ര തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത സ്ഥാപിക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്.
കൊങ്കണ്‍ റെയില്‍കോര്‍പ്പറേഷനെയാണ് നിര്‍മാണ ചുമതല. അവര്‍ തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം 10.7 കി.മി. ദൈര്‍ഘ്യമുള്ള ഒരു റെയില്‍പ്പാതയാണ് വേണ്ടിവരുന്നത്. 1060 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് ദക്ഷിണ റയില്‍വേ അംഗീകാരം നല്കിയിട്ടുണ്ട്.
തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്. ടണലിന്റെ ഏറിയ പങ്കും പൊതുമരാമത്ത് റോഡിന് താഴെയായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: