തിരുവനന്തപുരം: കൊല്ലം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് തീരദേശ കപ്പല്‍ സര്‍വ്വീസ് ആദായകരമാക്കുന്നത് സംബന്ധിച്ചുള്ള പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് മന്ത്രി വി.എന്‍. വാസവന് സഭയെ അറിയിച്ചു.
കടല്‍ വഴിയുളള ചരക്ക് നീക്കത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്തെ നോണ്‍ മേജര്‍ പോര്‍ട്ടുകള്‍ വികസിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള തുറമുഖങ്ങളില്‍ ചരക്ക് ഗതാഗതത്തിന് വേണ്ട ബെര്‍ത്ത്, ക്രെയിനുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബേപ്പൂരില്‍ 11.8 കോടി രൂപ ചെലവില്‍ ആഴം വര്‍ധിപ്പിക്കുന്നതിന് അനുമതി നല്കി. കൊല്ലം തുറമുഖത്ത് കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തി 101 മീറ്റര്‍ നീളത്തില്‍ ബര്‍ത്ത് നിര്‍മിച്ചു. കൊല്ലത്തിന് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സ്റ്റാറ്റസ് ലഭിക്കുന്നതിന് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും, ഗേറ്റ് കോംപ്ലക്സിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കി വരുന്നു. കേന്ദ്ര ഏജന്‍സികള്‍ ഇവിടെ സന്ദര്‍ശനം നടത്തി അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ വിലയിരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇവിടെ ഐസിപി നടപടികള്‍ പൂര്‍ത്തീകരിക്കും. കൊല്ലത്ത് നിലവിലുള്ള ക്രെയിനുകള്‍ക്ക് പുറമെ സ്റ്റാന്റ് ബൈ ക്രെയിനുകളും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
പൊന്നാനിയില്‍ ഒരു മള്‍ട്ടി പര്‍പ്പസ് ബര്‍ത്ത് പണിയുന്നതിനുള്ള പ്രാഥമിക പഠനം നടത്തുവാന്‍ സെന്റര്‍ ഫോര്‍ മാനേജെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിപിആര്‍ തയ്യാറാക്കും. അഴീക്കല്‍ പോര്‍ട്ടില്‍ കപ്പല്‍ ചാനല്‍ ആഴം കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: