തന്റെ മകളെ ചെറിയ പ്രായത്തിലെ നഷ്ടപ്പെട്ടതിന്റെ വേദനയെക്കുറിച്ച് പലപ്പോഴും സുരേഷ് ഗോപി സംസാരിച്ചിട്ടുണ്ട്. വാഹനാപകടത്തിലായിരുന്നു വര്‍ഷങ്ങള്‍ മുമ്പ് സുരേഷ് ഗോപിയുടെ മകള്‍ മരിക്കുന്നത്. അതേക്കുറിച്ച് മുമ്പൊരിക്കല്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ദൈവത്തെ തള്ളിപ്പറഞ്ഞ നിമിഷം. ഇല്ലെന്ന് പറയാന്‍ പറ്റില്ല. എന്റെ മകള്‍ കാര്‍ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കിടക്കുന്ന സമയം. എന്നെ മരുന്ന് തന്ന് മയക്കി കിടത്തിയിരിക്കുകയാണ്. അര്‍ധ ബോധത്തിലും ഞാന്‍ ഗുരുവായൂരപ്പനോട് കരഞ്ഞു പ്രാര്‍ത്ഥിക്കുകയാണ്. ഭഗവാനേ എന്റെ മോളെ രക്ഷിക്കണമേ. മകള്‍ മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ഹെഡ്നേഴസ് വന്ന് ഉണര്‍ത്തി. അവസാനമായി കാണാന്‍ വിളിച്ചുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
അതുവരെ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ഞാന്‍ ശാപവാക്ക് വിളിച്ചു. നെഞ്ചത്ത് കൈ ചുരുട്ടി ഇടിച്ച് നിലവിളിച്ചു. ഇടിയുടെ ശക്തിയില്‍ മസില് ചതഞ്ഞു. ആ ചതഞ്ഞ കുഴിവ് ഇപ്പോഴുമുണ്ട് നെഞ്ചില്‍. വര്‍ഷങ്ങളെത്ര കഴിഞ്ഞു. എല്ലാ ജൂണ്‍ മാസവും മഴയും തണുപ്പുമെത്തുമ്പോള്‍ അവിടെ വേദന വരും. ആ വേദന എനിക്ക് ഇഷ്ടമാണ്. കാരണം അതെന്റെ മകളുടെ ഓര്‍മ്മയാണെന്നും താരം പറയുന്നു.
പക്ഷെ മകള്‍ മരിച്ചുവെന്നറിഞ്ഞ് കഴിഞ്ഞപ്പോള്‍ ഭഗവാനെ ശാപവാക്ക് പറഞ്ഞതില്‍ പശ്ചാത്താപം മനസില്‍ തിങ്ങി. മകള്‍ പിറന്നപ്പോള്‍ അവളുടെ ജാതകം എഴുതാന്‍ ചെന്നപ്പോള്‍ ജ്യോത്സ്യന് പറഞ്ഞിരുന്നു ഇപ്പോള്‍ എഴുതേണ്ട ഗണ്ണാന്ത ജനനമാണ് മൂന്നര വയസു കഴിഞ്ഞ് എഴുതാം. എനിക്കന്ന് കാര്യമൊന്നും മനസിലായില്ല. പിന്നീടാണ് ഞാനതേക്കുറിച്ച് അറിയുന്നതെന്ന് താരം പറയുന്നു.
ഗണ്ണാന്ത ജനനം ആണെങ്കില്‍ ജനിച്ച ദിവസം നക്ഷത്രം സമയം ഇതെല്ലാം ചേര്‍ന്നു വരുന്ന ഒരു മുഹൂര്‍ത്തം വീണ്ടും ഉണ്ടായാല്‍ മരണം ഉറപ്പാണ്. മകളുടെ കാര്യത്തിലും അങ്ങനെയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 3.45 മകം, നക്ഷത്രം ഉത്രം. ഇത് മൂന്നും കൂടി ഒത്ത് വന്ന നേരമാണ് അപകടം സംഭവിച്ചത്. എന്റെ ജീവിതവും അനുഭവങ്ങളുമാണ് എന്റെ വിശ്വാസം. അത് എല്ലാവര്ക്കും മനസിലാകണമെന്നില്ല. അങ്ങനെ വേണമെന്ന് വാശിയുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു
മൂത്ത മകള്‍ ലക്ഷ്മിയുടെ മരണത്തെക്കുറിച്ച് സുരേഷ് ഗോപി മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. 1992 ജൂണ്‍ ആറിനാണ് ഒരു വാഹനാപകടത്തില്‍ സുരേഷ് ഗോപിയുടെ മകള്‍ മരിച്ചത്. ഭാര്യയെയും അനിയനെയും എന്റെ ലക്ഷ്മിയെ ഏല്‍പ്പിച്ച് ഞാന്‍ എറണാകുളം വന്നിട്ട് തിരിച്ച് പോയി. പിന്നെ എന്റെ മകളില്ല. അവള് ഇപ്പോഴുണ്ടെങ്കില്‍ 32 വയസാണ്. താന്‍ മരിച്ച് പട്ടടയില്‍ കൊണ്ട് വെച്ചാലും ആ ചാരത്തിന് വരെ ആ വേദന ഉണ്ടാകുമെന്നും സുരേഷ് ഗോപി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: