# അപ്രതീക്ഷിത കേന്ദ്രമന്ത്രി പദവിയെ എങ്ങനെ കാണുന്നു?
സാധാരണ ബിജെപി പ്രവര്‍ത്തകനില്‍നിന്ന് കേന്ദ്രമന്ത്രി പദത്തിലെത്തുമ്പോള്‍ ഒന്നേ പറയാനുള്ളൂ. ഇത് കേരളത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണ്, അവര്‍ക്കുള്ള സന്ദേശമാണ്. സാധാരണ പ്രവര്‍ത്തകനായി തുടങ്ങി പടിപടിയായി ഉയര്‍ന്നുവരുന്നവരെ പാര്‍ട്ടി പരിഗണിക്കും. ബിജെപി ദേശീയ നേതൃത്വം ഈ മന്ത്രി പദവികൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. പാര്‍ട്ടി സാധാരണ പ്രവര്ത്തകന് നല്കിയ അംഗീകാരമാണിത്.
# സത്യപ്രതിജ്ഞ കാണാനെത്തിയ വ്യക്തി മന്ത്രിയായതിനെക്കുറിച്ച്?
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി സാധാരണ പ്രവര്‍ത്തകര്‍ വരുന്നതുപോലെയാണ് ദല്‍ഹിയില്‍ എത്തിയത്. ഞായറാഴ്ച രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. പാര്‍ട്ടിയുടെ രീതിയനുസരിച്ച് നേരിട്ടെല്ലാം അറിയിക്കില്ല, പടിപടിയായാണ് വിവരങ്ങള്‍ ലഭിക്കുക. മന്ത്രിയാക്കുന്നത് പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതുവരെ അതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ ചായ സത്കാരത്തിന് ക്ഷണിച്ചിരുന്നു. അവിടെ വച്ചാണ് അറിഞ്ഞത്. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ഒന്നും പറയാന്‍ സാധ്യമല്ല. അതുകൊണ്ടാണ് വീട്ടില്‍ പോലും പറയാതിരുന്നത്.
# ബിജെപി പ്രവര്‍ത്തകനില്‍നിന്ന് കേന്ദ്രമന്ത്രിയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ച് ?
അടിയന്തരാവസ്ഥകാലത്ത് ജെപി മൂവ്മെന്റിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് വരുന്നത്. സ്കൂള്‍പഠനകാലത്തുതന്നെ ഛാത്രസംഘര്ഷസമിതിയുടെ ഭാഗമായി. ജനതാപാര്‍ട്ടിയില്‍ വന്നു. ജനതാപാര്ട്ടിയിലിരിക്കെ ജനസംഘത്തില്‍ നിന്നുവന്നവരുമായായിരുന്നു കൂടുതല്‍ അടുപ്പം. സ്വയംസേവകരാണ് അന്നുമുതല്‍ സഹപ്രവര്‍ത്തകര്‍. ബിജെപി രൂപീകരിക്കപ്പെട്ട അന്നുമുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ജില്ലാ സെക്രട്ടറി മുതല്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ വരെ 20 വര്‍ഷക്കാലം യുവമോര്‍ച്ചയുടെ ചുമതലയായിരുന്നു. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഒഎസ്ഡിയായും പ്രവര്‍ത്തിച്ചു. വലിയ അനുഭവമായിരുന്നു അത്. അവസാനം ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളെയും പോലെ ഇതും കാണുന്നു. സന്തോഷത്തോടെ സ്വീകരിക്കുന്നു. സമൂഹത്തിനു വേണ്ടി കൂടുതല്‍ എന്തെങ്കിലും പ്രവര്‍ത്തിക്കാനുള്ള അവസരമായാണ് ഈ നേട്ടത്തെ കാണുന്നത്.
# ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപിയുടെ വിജയത്തെ എങ്ങനെ കാണുന്നു ?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ വിജയമാണ് ബിജെപിക്ക് നേടിയത്. തൃശ്ശൂരില്‍ സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതിനുപുറമെ 20 ശതമാനത്തിലധികം വോട്ടുകളും നേടാനായി. ഇതുവരെ ബിജെപിക്ക് ലഭിക്കാത്ത വോട്ടുകളും ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഒരു ക്രോസ് സെക്ഷന്‍ ഇത്തവണ പാര്‍ട്ടിക്ക് വോട്ട് ചെയ്തു. ബിജെപിക്ക് ഇടതിന്റെയും വലതിന്റെയും വോട്ട് കിട്ടി എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഈ വലിയ നേട്ടത്തിന് കാരണം. സംസ്ഥാനത്ത് ബിജെപി നേടിയ നേട്ടമാണ് തനിക്ക് ലഭിച്ച മന്ത്രി പദവിയ്ക്കും കാരണം. ജയിച്ച സമയത്ത് ലഭിച്ച പ്രോത്സാഹനമാണിത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടുകയുമാണ്. പാര്‍ട്ടി പ്രോത്സാഹനം നല്കുന്ന സമയത്ത് ഉത്തരവാദിത്തവും വര്‍ധിക്കും.
# കേരളത്തിന്റെ വികസന കാഴ്ച്ചപ്പാടുകളെക്കുറിച്ച് ?
ഭാരതത്തിന്റെ വികസനത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. അതില്‍ കേരളവും ഉള്‍പ്പെടും. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. കേരളത്തിന്റെ വികസനത്തിനായുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനനുസരിച്ച് നിയമം അനുശാസിക്കുന്ന രീതിയില്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. രാഷ്ട്രീയ ചിന്തയില്ലാതെ സംസ്ഥാനവും ഒപ്പം നിന്നാലെ പദ്ധതികള്‍ വിജയിപ്പിക്കാനാവൂ. കേരളം വികസിക്കണം എന്നാഗ്രഹിക്കുന്നവര്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചു. ബിജെപിയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും അവര്‍ അംഗീകരിച്ചു കഴിഞ്ഞു. പുതിയ തലമുറ രാഷ്ട്രീയത്തിനല്ല, വികസനത്തിനാണ് പ്രധാന്യം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: