തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി പരാജയപ്പെട്ടെന്നു സമ്മതിച്ച് പിണറായി സര്‍ക്കാര്‍. ആദ്യഘട്ടത്തിലെ സൗജന്യ കണക്ഷന്‍പോലും നല്‍കാനായില്ല. സാമ്പത്തികമായി പിന്നാക്കമായ 5856 കുടുംബങ്ങള്‍ക്കു മാത്രമാണ് കണക്ഷന് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ടിലാണ് കെ ഫോണ്‍ പദ്ധതി പരാജയമെന്നു സമ്മതിച്ചത്.
മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനെന്നു കൊട്ടിഘോഷിച്ചാണ് കെ ഫോണ്‍ പദ്ധതി തുടങ്ങിയത്. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 14,000 കണക്ഷനുകള്‍ പോലും കൊടുക്കാനായിട്ടില്ല. ഏഴായിരത്തിലധികം വീടുകളില്‍ കണക്ഷന് നല്‍കിയെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്. ഈ വര്‍ഷം എണ്ണം കുറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 5856 കണക്ഷന് മാത്രം.
മൂന്നു വര്‍ഷത്തിനിടെ 29,216 ഓഫിസുകളില്‍ കെ ഫോണ്‍ കണക്ഷന് നടപടികള്‍ പുരോഗമിക്കുന്നെന്നാണ് റിപ്പോര്‍ട്ടില്‍. കഴിഞ്ഞ വര്‍ഷത്തെ കണക്ക് 26,542 ആയിരുന്നു. ഇതില്‍ 16,738 സര്‍ക്കാര്‍ ഓഫീസുകളിലേ ഇന്റര്‍നെറ്റ് വിനിയോഗം ആരംഭിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ സ്കൂളുകളില്‍ കെ ഫോണില്‍ നിന്ന് ഇന്റര്‍നെറ്റ് കിട്ടുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഗാര്‍ഹിക, വാണിജ്യ കണക്ഷനുകളുടെ വിവരങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല. കെ ഫോണ്‍ 94 ശതമാനം പുരോഗതി കൈവരിച്ചെന്നാണ് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: