പറവൂര്‍(കൊച്ചി): സാമൂഹ്യ തിന്മകള്ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീ സമൂഹത്തെ പ്രാപ്തമാക്കുകയാണ് മഹിളാ ഐക്യവേദി നിര്‍വഹിക്കേണ്ടത് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്.വി. ബാബു. പറവൂരില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യവും മയക്കുമരുന്നും സാമൂഹ്യ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഇത് മൂലമുള്ള പ്രശ്നങ്ങള്‍ അനവധിയാണ്. സ്ത്രീസമൂഹം ഇതിനെതിരെ ജാഗരൂകരാകണം. സ്ത്രീസമൂഹത്തെ ബാധിക്കുന്ന ഏതു പ്രശ്നങ്ങളോടും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന നേതൃപരമായ ദൗത്യം മഹിളാ ഐക്യവേദി നിര്‍വഹിക്കണം, അദ്ദേഹം പറഞ്ഞു.
മഹിളാ ഐക്യവേദിയുടെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 19, 20 തീയതികളില്‍ ആലപ്പുഴയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ജൂലൈ 13 ന് ചാലക്കുടിയില്‍ ‘മുകുളം 2024’ എന്ന പേരില്‍ കുമാരി സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ രക്ഷാധികാരി ദേവകി ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു. അധ്യക്ഷ ബിന്ദുമോഹന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഓമന മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി ശശികല ടീച്ചര്‍ സമാപന പ്രഭാഷണം നടത്തി.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി ഹരിദാസ്, കെ. ഷൈനു, സെക്രട്ടറി സാബു ശാന്തി എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: