തിരുവനന്തപുരം: പൊതുമരാമത്ത് കുപ്പിന്റെ അനുമതിയില്ലാതെ ഒരു കട്ടിംഗും പൊതുമരാമത്ത് റോഡില്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.കെ. മുഹമ്മദ് റിയാസ്. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കുടിവെള്ള പൈപ്പ്ലൈന്, ഡ്രയിനേജ് പൈപ്പുകള്‍, ഗ്യാസ് പൈപ്പ്ലൈന്, ഇലക്ട്രിസിറ്റി കേബിളുകള്‍, ഇന്റര്‍നെറ്റ്ഫോണ്‍ കേബിളുകള്‍ തുടങ്ങിയവ പ്രധാനമായും കടന്നു പോകുന്നത് പൊതുമരാമത്ത് റോഡുകളിലൂടെയാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലൂടെ യൂട്ടിലിറ്റി സ്ഥാപിക്കുന്നതിന് അപേക്ഷിക്കുന്നതിനും അനുമതി ലഭ്യമാക്കുന്നതിനും റൈറ്റ് ഓഫ് വേ (ROW) പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തിയാക്കിയശേഷം യൂട്ടിലിറ്റി സ്ഥാപിച്ച വകുപ്പ് അത് പൂര്‍വസ്ഥിതിയില്‍ ആക്കാത്ത വിഷയം ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. റെസ്റ്റോറേഷന് കൃത്യമായി പണം അടയ്ക്കാതെ റോഡ് കട്ടിങ്ങിന് അനുമതിക്ക് വേണ്ടി പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി നിരവധി വിഷയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അത് അനുവദിക്കില്ല.
ട്രഞ്ച്ലെസ് ടെക്നോളജി ഇന്ന് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതില്‍ പൊതുമരാമത്ത് വകുപ്പിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്നത് ഡക്ടുകളുടെ നിര്‍മാണമാണ്. സംസ്ഥാനത്ത് വീതി വര്‍ധിപ്പിച്ച് ഡിസൈന്‍ഡ് റോഡുകളാക്കി മാറ്റുന്ന റോഡുകളില്‍ ഡക്ടുകള്‍ നിര്‍മിക്കണമെന്ന് തീരുമാനിച്ചിരുന്നു. 37 റോഡുകളില്‍ ഡക്ട് നിര്‍മാണം സാധ്യമാക്കിയിട്ടുണ്ട്. ഡക്ട് നിര്‍മിച്ചാല്‍ യൂട്ടിലിറ്റികള്‍ അതുവഴി കടത്തിവിടാനാകും. നിരന്തരം റോഡ് കുഴിക്കുക എന്ന പ്രശ്നം പരിഹരിക്കാന്‍ കഴിയും.
നിലവിലുള്ള റോഡുകളോടനുബന്ധിച്ച് പ്രത്യേക യൂട്ടിലിറ്റി കോറിഡോറുകള്‍ സാധ്യമാക്കാനാകുമോ എന്ന പരിശോധന കൂടി നടത്തും. ഇത് പൊതുമരാമത്ത് വകുപ്പിന് മാത്രമായി നിര്‍വഹിക്കാന്‍ കഴിയില്ല. മറ്റ് വകുപ്പുകളുമായും ചേര്‍ന്ന് ഇത് സാധ്യമാക്കാന്‍ ശ്രമിക്കും. യൂട്ടിലിറ്റി ആവശ്യമുള്ള ഏജന്‍സികളും ട്രഞ്ച്ലെസ് ടെക്നോളജി ഉപയോഗപ്പെടുത്തിയാല്‍ റോഡ് തകരുന്നത് ഒഴിവാക്കാം.
ഇത് പരിശോധിക്കുവാന്‍ യൂട്ടിലിറ്റി ഏജന്‍സികളുടെ കൂടി യോഗം വിളിച്ചുചേര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: