കൊച്ചി: വാളയാര്‍ കേസില്‍ സിബിഐയുടെ പ്രോസിക്യൂട്ടര്‍ പട്ടിക ഹൈക്കോടതി തള്ളി. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ ഏകപക്ഷീയമായി നിയമിക്കാനുള്ള സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രമമാണ് ഹൈക്കോടതി തടഞ്ഞത്.
നിയമിക്കും മുമ്പ് കുട്ടികളുടെ അമ്മയുടെ ഭാഗം കേള്‍ക്കണമെന്നും ഹൈക്കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു. ഹൈക്കോടതിവിധി അനുസരിച്ച് സിബിഐ പുനരന്വേഷണം നടത്തുന്ന കേസിലാണ് ഈ വിധി. അമ്മയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ അഡ്വ. പി.വി. ജീവേഷ് ഹാജരായി.
രണ്ടുവര്‍ഷം മുമ്പ് വാളയാര്‍ കേസ് സിബിഐ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ അമ്മ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യവുമായി സര്‍ക്കാരിനെയും സിബിഐയെയും സമീപിച്ചിരുന്നു. പ്രോസിക്യൂഷന്റെ പരാജയമാണ് കേസ് പോക്സോ കോടതിയില്‍ തോല്ക്കാന് കാരണം എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അട്ടപ്പാടി മധുവിന്റെ കേസ് വാദിച്ച് ജയിപ്പിച്ച പാലക്കാട് ബാറിലെ രാജേഷ്.എം.മേനോനെ പ്രോസിക്യൂട്ടര്‍ ആയി വയ്ക്കണം എന്നതാണ് വാളയാര്‍ കുട്ടികളുടെ അമ്മയുടെ ആവശ്യം. സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും പലവുരു ആവശ്യപ്പെട്ടിട്ടും അമ്മയുടെ ആവശ്യം പരിഗണിച്ചില്ല. അതിനു ശേഷമാണ് അവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇരകളുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്നും അമ്മയുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് പ്രോസിക്യൂട്ടര്‍ നിയമനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ സിബിഐയോടും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: