ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെന്നതിന്റെ പേരില്‍ ഘടകകക്ഷികളെല്ലാം ചേര്‍ന്ന് ബിജെ.പിയെ അങ്ങു വിഴുങ്ങിക്കളയും എന്നു വിളിച്ചുകൂവി നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ പുരപ്പുറത്തുനിന്ന് താഴെയിറങ്ങിവന്നിട്ടുണ്ട്. മാധ്യമവാര്‍ത്തകളെ നിഷ്പ്രഭമാക്കുന്നതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പ്രതിനിധ്യം മാത്രം നല്‍കിയും അവരുടെ പിന്തുണയെ അതിരു കവിഞ്ഞു ആശ്രയിക്കാതെയുമുള്ള ദൃഢമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ബിജെപി തെളിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് അതിനു നാന്ദി കുറിച്ചു. പലപ്പോഴും കൂട്ടു്കക്ഷി മന്ത്രിസഭകളാകുമ്പോള് പ്രധാന പാര്‍ട്ടിയുടെ ഒരാള്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ അടുത്ത ഊഴം ഘടകകക്ഷി നേതാക്കള്‍ക്കാണ് നല്‍കാറുള്ളത്. എന്നാല്‍ മോദിയുടെ മൂന്നാം മന്ത്രിസഭയിലാകട്ടെ മുഖ്യകക്ഷിയായ ബിജെപിയിലെ മുന്‍നിര നേതാക്കളെല്ലാം സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഘടകക്ഷി നേതാക്കള്‍ക്ക് അവസരം നല്‍കിയത്. ഇതൊരു സൂചനയാണ്. അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് തങ്ങള്‍ വഴങ്ങാന്‍ പോകുന്നില്ല എന്ന വ്യക്തമായ സൂചന.
നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും അര്‍ഹതയ്ക്ക് അപ്പുറം മന്ത്രി സ്ഥാനങ്ങള്‍ വാങ്ങിയെടുക്കുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ മാത്രമായത് ഇവിടെയാണ്. എന്‍ഡിഎയുടെ മൊത്തം അംഗബലത്തിന്റെ 18% ആണ് ഘടകകക്ഷികള്‍. അതിന് അനുപാതികമായി മാത്രമാണ് അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത് .
കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാഞ്ഞതിന്റെ പേരില്‍ എന്‍സിപി അകന്നു നില്‍ക്കുകയാണെങ്കിലും അതിനു വഴിപ്പെടാന്‍ ബിജെപി തയ്യാറായുമില്ല. ഘടകകക്ഷികളെ കൈകാര്യം ചെയ്തതില്‍ ബിജെപി വിജയിച്ചു എന്ന് ഇന്നിറങ്ങിയ കോണ്‍ഗ്രസ് അനുകൂല പത്രങ്ങള്‍ പോലും വിലയിരുത്തിയത് അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: