തിരുവനന്തപുരം: വളര്‍ന്നുവരുന്ന പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യസത്തോടൊപ്പം ജാഗ്രതയും ആവശ്യമാണെന്ന് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ പറഞ്ഞു. ജന്മഭൂമി സംഘടിപ്പിച്ച മികവ് 2024 പ്രതിഭാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
അധ്യാപികയായി മാറാന്‍ ആഗ്രഹിച്ച തന്നോട് സിവില്‍ സര്‍വീസ് എഴുതാന്‍ നിര്‍ദ്ദേശിച്ചത് തന്റെ അധ്യാപികയായിരുന്നു. വിദ്യാഭ്യാസത്തില്‍ ഒരു മാര്‍ക്ക് പോലും വളരെയേറെ പ്രാധാന്യമുള്ളതാണ്. അത് തന്റെ ജീവിതത്തില്‍ വലിയൊരു പാഠമായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഏഴുമാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് ഐഎഎസ് കിട്ടാതെ ഐപിഎസിലേക്ക് മാറേണ്ടി വന്നത്. അതുകൊണ്ട് കേരളത്തിലെ ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥയാകാനുള്ള അവസരം തന്നെത്തേടിയെത്തി. കേരളത്തില്‍ തന്നെ തുടരാനുള്ള നിയോഗവും തേടിയെത്തുകയായിരുന്നു.
ഓരോ വിദ്യാര്‍ത്ഥികളും അവരവരുടെ പാത തെരഞ്ഞെടുക്കണം. ഇഷ്ടമുള്ള വിഷയം എടുത്ത് പഠിക്കുമ്പോള്‍ ഒരു പ്രത്യേക ഊര്‍ജ്ജം ലഭിക്കും. അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസത്തിന് അത് ലഭിക്കുകയില്ല. പഠനകാലത്തായാലും ഏത് ജോലിയായാലും ഒരു പാട് പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാകും. അവിടെ തളര്‍ന്ന് നില്‍ക്കരുത്. ജീവിതത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നല്ല അവസരങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണങ്ങളാണ്. ബുദ്ധിമുട്ടുകളെ തരണംചെയ്ത് അവസരങ്ങളാക്കിയെടുത്ത് മുന്നേറാനുള്ള പ്രാപ്തിയുണ്ടാകണം. അങ്ങനെയുള്ളവരെ വിജയം തേടിയെത്തും. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന തരത്തില്‍ ജീവിത വിജയം നേടിയെടുക്കാനാകും. ജീവിതത്തിലെന്ന പോലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിലും ജാഗ്രത വേണമെന്നും ശ്രീലേഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: