മ്യൂണിക്: യുവേഫ യൂറോകപ്പ് ഫുട്ബോളിന്റെ 17-ാം പതിപ്പിന് പന്തുരുളാന്‍ ഇനി നാല് നാള് കൂടി. വെള്ളിയാഴ്ച്ച ജര്‍മന്‍ നഗരം മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ആദ്യ കളിയില്‍ ആതിഥേയരായ ജര്‍മനി സ്കോട്ട്ലന്‍ഡിനെ നേരിടും. അടുത്ത മാസം 14ന് ബെര്‍ലിനിലെ ഒളിംപിയാസ്റ്റേഡിയനില്‍ ഫൈനലോടെ യൂറോപ്പിലെ വമ്പന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ പോര് സമാപിക്കും.
കഴിഞ്ഞ തവണത്തെ അതേ ഫോര്‍മാറ്റില്‍ 24 ടീമുകളാണ് ഇക്കുറിയും ഫൈനല്‍സില്‍ യോഗ്യത നേടിയിരിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകള്‍. ഗ്രൂപ്പിലെ ഓരോ ടീമുകളും തമ്മില്‍ പോരടിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്ട്ടറിനര്ഹരാകും. പിന്നെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍.
പുനരേകീകരണത്തിന് ശേഷം ജര്‍മനിയില്‍ ആദ്യമായാണ് യൂറോ കപ്പ് വിരുന്നെത്തുന്നത്. ഇതിന് മുമ്പ് 1988 യൂറോ ഇവിടെ നടക്കുമ്പോള്‍ പശ്ചിമ ജര്മനിയായാണ് ആ രാജ്യം നിലനിന്നിരുന്നത്. പുനരേകീകരണത്തിന് ശേഷം 2006ല്‍ ഫിഫ ലോകകപ്പ് നടന്നിട്ടുണ്ട്. കഴിഞ്ഞ യൂറോ കപ്പിലെ വേറിട്ട ശൈലിയിലാണ് യൂറോ കപ്പ് സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍ ആദ്യ ഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ച കൂട്ടത്തില്‍ നാലെണ്ണം ജര്‍മനിയിലും നടന്നതൊഴിച്ചാല്‍ സമ്പൂര്‍ണ യൂറോ കപ്പ് നടക്കുന്നത് ഇത്തവണ ആദ്യമായാണ്.
കഴിഞ്ഞ തവണ അന്തിമ ഘട്ട പോരാട്ടങ്ങള്‍ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇറ്റലി കിരീടം ചൂടി. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു റോബര്‍ട്ടോ മാന്‍സിനിക്ക് കീഴിലിറങ്ങിയ അസൂറികള്‍ കപ്പടിച്ചത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഫൈനലിസിമ്മയില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതും. തുടരെ രണ്ടാം തവണയും ഫിഫ ലോകകപ്പില്‍ യോഗ്യത നേടാനാകാതെയും വന്നതോടെ മാന്‍സിനി ചുമതലയൊഴിഞ്ഞു. ലൂസിയാനോ സ്പലേറ്റിയാണ് ഇപ്പോഴത്തെ പരിശീലകന്. ഇംഗ്ലണ്ട് ടീമിനെ കഴിഞ്ഞ തവണ ഒരുക്കിയ അതേ പരിശീലകന് ഗാരെത്ത് സൗത്ത് ഗേറ്റ് തന്നെയാണ് ഇക്കുറിയും പരിശീലിപ്പിക്കുന്നത്. ടോട്ടനത്തില്‍ നിന്നും കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയ ഹാരി കെയ്ന്‍ ആണ് സൗത്ത് ഗേറ്റിന്റെ പ്രധാന വജ്രായുധം.
കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ഫൈനല്‍ വരെ എത്തിയ ഫ്രാന്‍സ് താരപ്പൊലിമയോടെ രംഗത്തുണ്ട്. ദിദിയര്‍ ദെഷാംപ്സ് ഇപ്പോഴും പരിശീലക പദവിയില്‍ നിലനില്ക്കുന്നു. കറുത്തകുതിരകളാകാന്‍ ശേഷിയുള്ള ടീമാണ് ക്രൊയേഷ്യ. പ്രായാധിക്യം ചെന്ന അവരുടെ സുവര്‍ണ തലമുറയാണ് ഈ യൂറോയിലെയും പ്രതീക്ഷ. ഒരുപക്ഷെ ലൂക്കാ മോഡ്രിച്ചും ഇവാന് പെരിസിച്ചുമെല്ലാമടങ്ങിയ നിരയുടെ അവസാന മേജര്‍ ടൂര്‍ണമെന്റ് ഇതായിരിക്കാനും സാധ്യതയുണ്ട്.
വേദികള്‍ പത്ത്
ബെര്‍ലിന്‍, മ്യൂണിക്, ഡോര്‍ട്ട്മുണ്ട്, സ്റ്റട്ട്ഗാര്‍ട്ട്, ഗെല്‍സെന്‍കിര്‍ചെന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബര്‍ഗ്, ഡുസ്സെല്‍ഡോര്‍ഫ്, കൊളോഗ്നെ, ലെയ്പ്സിഗ്
പുതുമുഖ ടീം ജോര്‍ജിയ
64 വര്‍ഷത്തെ പാരമ്പര്യമുള്ള യൂറോ കപ്പില്‍ ഇത്തവണ കന്നിക്കാരായി ഇറങ്ങുന്ന ടീം ജോര്‍ജിയ ആണ്. യോഗ്യതയുടെ അവസാന അവസരമായ പ്ലേ ഓഫില്‍ മുന്‍ ജേതാക്കളായ ഗ്രീസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് ജോര്‍ജിയ യോഗ്യത ഉറപ്പാക്കിയത്. 2004ലാണ് ഫൈനലില്‍ ഗ്രീസിനെ തോല്‍പ്പിച്ച് പോര്‍ചുഗല്‍ കിരീടം നേടിയത്.
2000ന് ശേഷം റഷ്യയുടെ അസാന്നിധ്യം ആദ്യം
2000മുതല്‍ ഓരോ യൂറോ കപ്പിലും മുടങ്ങാതെ യോഗ്യത നേടിക്കൊണ്ടിരുന്ന ടീം ആണ് റഷ്യ. ഇത്തവണ ടീമിന് യോഗ്യതയില്‍ പോലും കളിക്കാന്‍ സാധിച്ചില്ല. രണ്ട് വര്‍ഷമായി തുടരുന്ന റഷ്യയുടെ ഉക്രൈന് അധിനിവേശത്തിലുള്ള യുവേഫയുടെ വിയോജിപ്പിനെ തുടര്‍ന്നാണ് യോഗ്യത കളിക്കുന്നതില്‍ നിന്നും ആ രാജ്യത്തെ വിലക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: