ടെക്സസ്: കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ വിജയം കൊയ്ത് ബ്രസീല്‍. കരുത്തന് ടീം മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് കാനറികള്‍ വമ്പന്‍ ടൂര്‍ണമെന്റിന് മുന്നോടിയായി കരുത്തറിയിച്ചത്.
വരുന്ന 21ന് ആരംഭിക്കുന്ന അമേരിക്കന്‍ വന്‍കരയിലെ ഫുട്ബോള്‍ മാമാങ്കത്തിന് ആഥിത്യമരുളുന്ന അമേരിക്കയിലാണ് ടീമിന്റെ വിജയം. മുന്‍നിര താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, എന്‍ഡ്രിക്, റോഡ്രിഗോ, റഫീഞ്ഞ എന്നീ താരങ്ങളെ പുറത്തിരുത്തിയാണ് പുതിയ കോച്ച് ഡൊറിവല്‍ ജൂനിയര്‍ ടീമിനെ ഇറക്കിയത്. തുടക്കത്തിലേ തന്നെ സ്കോര്‍ ചെയ്ത് ആധിപത്യം കാട്ടി. കളി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ സാവിയോ നല്കിയ പാസില്‍ ആന്‍ഡ്രിയാസ് പെറെയ്റ ആണ് വലകുലുക്കിയത്. ഈ ഒരു ഗോളില്‍ ആദ്യപകുതിയില്‍ മുന്നിട്ടു നിന്ന ബ്രസീല്‍ രണ്ടാം പകുതിയില്‍ ഒമ്പത് മിനിറ്റ് പിന്നിട്ടപ്പോള്‍ അടുത്ത ഗോളും നേടി. എഡെര്‍ മിലിട്ടാവോയുടെ ലോങ് ത്രോ സ്വീകരിച്ച യാന്‍ കൂട്ടോ നല്കിയ മൈനസ് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളാക്കി മാറ്റി.
73-ാം മിനിറ്റില്‍ മെക്സിക്കോ ആദ്യ ഗോള്‍ നേടി. അലെക്സിസ് വേഗയില്‍ നിന്നെത്തിയ ക്രോസില്‍ നിന്ന് ജൂലിയന്‍ ക്വിനോന്‍സ് ഗോള്‍ നേടുകയായിരുന്നു. അപകടം മണത്ത ബ്രസീല്‍ കോച്ച് വിനിഷ്യസ് ജൂനിയറിനെ ഉടനെ കളത്തിലിറക്കി. പക്ഷെ മത്സരത്തിന്റെ ത്രില്ലര്‍ കടന്നുവന്നത് ഇന്‍ജുറി ടൈമിലേക്ക് കടന്നപ്പോളാണ്. 90+2-ാം മിനിറ്റില്‍ ഗില്ലര്‍മോ മാര്‍ട്ടിനെസ് അയാലയിലൂടെ മെക്സിക്കന്‍ നിര സമനില പിടിച്ചു. ഉണര്‍ന്നുകളിച്ച കാനറിപ്പട നാല് മിനിറ്റനകം കൗമാരതാരം എന്‍ഡ്രിക്കിലൂടെ വിജയഗോള്‍ സ്വന്തമാക്കി. കളിയുടെ 61-ാം മിനിറ്റിലാണ് എന്‍ഡ്രിക്കിനെ പകരക്കാരനായി ഇറക്കിയത്.
കോപ്പ അമേരിക്കയില്‍ കൊളംബിയ, പാരഗ്വായ്, കോസ്റ്റ റിക്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ബ്രസീലുള്ളത്. ഈ മാസം 25ന് കോസ്റ്റ റിക്കയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: