ഹൈദരാബാദ്: കഴിഞ്ഞ ദിവസം അന്തരിച്ച രാമോജി ഫിലിം സിറ്റി സ്ഥാപകനും വ്യവസായിയും മാധ്യമസ്ഥാപന ഉടമയുമായ രാമോജി റാവുവിന് വിട നല്കി ഭാരതം. രാമോജി ഫിലിം സിറ്റിയില്‍ ഇന്നലെ രാവിലെയായിരുന്നു സംസ്കാര ചടങ്ങുകള്‍. തെലുഗുദേശം പാര്‍ട്ടിയുടെ നേതാവ് എന്‍. ചന്ദ്രബാബു നായിഡു ചടങ്ങില്‍ പങ്കെടുത്തു. രാമോജി റാവുവിന്റെ ഭൗതിക ദേഹം നായിഡു അടക്കമുള്ളവര്‍ ചുമലിലേറ്റിയാണ് സംസ്കാര ചടങ്ങുകള്‍ക്കെത്തിച്ചത്. ചടങ്ങുകള്‍ക്ക് ശേഷം രാമോജി റാവുവിന്റെ മകന് കിരണ്‍ ചിതയ്ക്ക് തീകൊളുത്തി.
സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ശനിയാഴ്ച ഫിലിം സിറ്റിയിലെ കോര്‍പ്പറേറ്റ് ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാവിലെയാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. കുടുംബാംഗങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം തെലങ്കാന സര്‍ക്കാരിന് വേണ്ടി പോലീസ് സല്യൂട്ട് നല്കി ആദരിച്ചു. തുടര്‍ന്ന് പുഷ്പങ്ങളാല്‍ അലങ്കരിച്ച വൈകുണ്ഠ രഥത്തിലേക്ക് മാറ്റിയ ഭൗതിക ശരീരവുമായി അന്ത്യയാത്ര ആരംഭിച്ചു. രാമോജി റാവുവിന് ആദരാഞ്ജലികളര്‍പ്പിക്കാനായി ആയിരങ്ങളാണ് വഴിയരികില്‍ കാത്തുനിന്നത്.
ആന്ധ്രാപ്രദേശ് സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, തെലങ്കാന മന്ത്രി തുമ്മല നാഗേശ്വര റാവു, മുന്‍ കേന്ദ്രമന്ത്രി എംഎല്‍എ സുജന ചൗധരി തുടങ്ങിയവരും വാഹനത്തില്‍ ഉണ്ടായിരുന്നു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെലങ്കാന മന്ത്രിമാരായ ജൂപള്ളി കൃഷ്ണറാവു, സീതക്ക, വെം നരേന്ദര്‍ റെഡ്ഡി, വെനിഗണ്ടല രാമു, അരിക്കാപ്പുടി ഗാന്ധി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സിനിമ, രാഷ്ട്രീയ, പത്രപ്രവര്‍ത്തന, വ്യാവസായിക രംഗത്തെ പ്രമുഖര്‍ നേരത്തെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
രാമോജി റാവുവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്നലെയും ഇന്നും സംസ്ഥാനം ദുഃഖാചരണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: