കണ്ണൂര്‍: കേരളത്തില്‍ സി പി എമ്മിനെ അടിമുടി ഉലച്ച ടി പി ചന്ദ്രശേഖരന് വധക്കേസിലെ അഞ്ച് കുറ്റവാളികള്‍ക്ക് ഒരുമിച്ച് പരോള്‍. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന പതിനൊന്ന് പേരില്‍ അഞ്ച് കുറ്റവാളികള്‍ക്കാണ് പരോള്‍.
രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവര്‍ വെളളിയാഴ്ച പുറത്തിറങ്ങി. ജയില്‍ ഉപദേശക സമിതി ഇവരുടെ അപേക്ഷ മാര്‍ച്ചില്‍ അംഗീകരിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുറത്തിറങ്ങാനായില്ല. പെരുമാറ്റച്ചട്ടം പിന്‍വലിച്ചതോടെയാണ് പരോളില്‍ ഇറങ്ങിയത്. കൊടി സുനി, എം സി അനൂപ് തുടങ്ങിയവര്‍ക്ക് പരോളില്ല.
അതേസമയം, ഇവര്‍ക്ക് ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയുണ്ടെന്ന് കെ കെ രമ എംഎല്‍എ ആരോപിച്ചു.എന്നാല്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ജയില്‍ വകുപ്പ് വിശദീകരിക്കുന്നത്.
ജയില്‍ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷ അംഗീകരിച്ചതെന്ന് ജയില്‍ വകുപ്പ് വെളിപ്പെടുത്തി. കുറ്റവാളികള്‍ക്ക് വര്‍ഷം 60 ദിവസം പരോളിന് അര്‍ഹതയുണ്ട്. നൂറോളം തടവുകാര്‍ക്ക് ഇവര്‍ക്കൊപ്പം പരോള്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇടത് സര്‍ക്കാര്‍ വന്ന ശേഷം ടിപി കേസിലെ കുറ്റവാളികള്‍ക്ക് ഉദാരമായി പരോള്‍ നല്‍കുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു.കേസിലെ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയുണ്ടായി. രണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: