പെരച്ചന് എന്ന പേര് ആദ്യം കേട്ടപ്പോള്‍ എനിക്ക് വളരെ കൗതുകകരമായി തോന്നി. അതിന്റെ വ്യുല്പത്തി എന്തായിരിക്കുമെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല. പരമേശ്വരന് എന്നതിന്റെ രൂപഭേദമാവാമെന്നു സമാധാനിപ്പിച്ചു. വളരെ ജനപ്രീതിയും ആത്മീയമായ അടുപ്പവും നേടിയ ഒരു സംഘപ്രചാരകനായിരുന്നു കോഴിക്കോട് മാങ്കാവിനടുത്തു കല്ലുവെട്ടുകുഴിയില്‍ പെരച്ചന്. കേരളത്തില്‍ പലയിടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെയൊക്കെ ജനഹൃദയങ്ങളില്‍ അതിന്റെ മുദ്രണം പതിഞ്ഞിട്ടുമുണ്ട്.
ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്, കോഴിക്കോട് സ്ഥിരതാമസമാക്കിയ എന്റെ സഹോദരിയുടെ മകള്‍ക്കു ഒരു വിവാഹാലോചന വന്നപ്പോള്‍ അവരുടെ വിവരമറിയാന്‍ എന്നോടാണവര്‍ അന്വേഷിച്ചത്. പട്ടാമ്പിക്കടുത്തു പെരുമുടിയൂര്‍ എന്ന സ്ഥലത്താണ് വീടെന്ന് മനസ്സിലായി. പട്ടാമ്പി സഹകരണബാങ്കില്‍ ജോലി ചെയ്തിരുന്ന അവിടത്തെ സംഘചാലകനോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍, ആ വീട്ടിലെ അംഗങ്ങള്‍ ഇപ്പോള്‍ ബാംഗ്ലൂരിലും മദിരാശിയിലും ചിലര്‍ ഇംഗ്ലണ്ടിലുമാണെന്നും, നാട്ടിലായിരുന്നപ്പോള്‍ പെരുമുടിയൂരിലെ സംഘപ്രവര്‍ത്തനത്തില്‍ വളരെ സജീവമായിരുന്നുവെന്നുമറിഞ്ഞു.
വിവാഹക്കാര്യം മുന്നോട്ടുപോയപ്പോള്‍ അവരുടെ ബന്ധുക്കളൊക്കെ കോഴിക്കോട്ടെ വീട്ടില്‍ വന്നു. വിവാഹനിശ്ചയ ചടങ്ങിനിടെ സന്ദര്‍ഭവശാല്‍ ഞാന്‍ വളരെ വര്‍ഷങ്ങള്‍ പ്രചാരകനായും ജനസംഘ പ്രവര്‍ത്തകനെന്ന നിലയ്ക്കും പട്ടാമ്പി ഭാഗത്തു പരിചിതനാണെന്നറിയിച്ചു. അപ്പോള്‍ അവരുടെ ഗ്രാമത്തില്‍ സംഘവുമായി ചെന്ന പെരച്ചന് ഇപ്പോള്‍ എവിടെയാണ് എന്നവര്‍ ആരാഞ്ഞു. പെരച്ചന് അന്നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നെന്നും, തങ്ങള്‍ ജോലിക്കു വേണ്ടി അന്യനാടുകളിലാണെങ്കിലും പെരച്ചേട്ടന്‍ അപ്പോഴും മനസ്സില്നിറഞ്ഞുതന്നെയുണ്ടെന്നും പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം സംസ്ഥാന സമിതിയുടെ ഒരു യോഗം കെ. രാമന്‍പിള്ളയും വി. രാമന് കുട്ടിയും ആലോചിച്ച് ഏര്‍പ്പാടു ചെയ്തത് പെരുമുടിയൂരിലെ ആ വീട്ടിലായിരുന്നുവെന്ന് എനിക്കുറപ്പായി. ഒരു രാത്രി അവിടെ പലവഴിയിലൂടെയെത്തിയ പ്രവര്‍ത്തന വിവരങ്ങള്‍ ചര്‍ച്ച ചെയ്ത് ഭാവികാര്യങ്ങള്‍ നിശ്ചയിച്ചശേഷം, പല സമയങ്ങളിലായി ഓരോ ആളും പിരിഞ്ഞുപോവുകയായിരുന്നു.
പെരുമുടിയൂരില്‍ സംഘത്തെയെത്തിച്ച പെരച്ചനെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. അദ്ദേഹവുമൊന്നിച്ച് പലയിടങ്ങളിലും പോയ, അന്ന് പാലക്കാട് ജില്ലാ പ്രചാരകനായിരുന്ന ഹരിയേട്ടന് പറഞ്ഞ ഒരു സംഭവമാണിനി. 1958-59 കാലമായിരുന്നു. സംഘത്തിന് സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവപ്പെട്ട സമയം. പ്രചാരകര്‍ക്കു യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും പോലും പ്രയാസമാണ്. കഴിയുന്നത്ര സ്വയംസേവകരുടെ വീടുകളില്‍നിന്നായിരുന്നു ആഹാരം. ആറേഴു കിലോമീറ്റര്‍ നടന്നുതന്നെ യാത്ര. ഹരിയേട്ടനും പെരച്ചനുമൊത്ത് പട്ടാമ്പിയിലേക്കു നടക്കുകയായിരുന്നു. ഉച്ചസമയം. ഇനിയും രണ്ടുമൂന്നു മണിക്കൂറെങ്കിലും വേണം നടന്നെത്താന്‍. അങ്ങനെ സംസാരിച്ചുകൊണ്ട് വിശപ്പു മറന്നു കുറേദൂരം എത്തിയപ്പോള്‍ ഒരു വലിയ വീടിനു മുന്നിലെത്തി.
സായുധസേനയില്‍നിന്നും വിരമിച്ച ഒരുയര്‍ന്ന ഉദ്യോഗസ്ഥനാണെന്നു ഗേറ്റിലെഴുതിവച്ച ബോര്‍ഡില്‍നിന്ന് മനസ്സിലായി. ഇരുവരും അകത്തുകയറി. ഗൃഹനാഥന് വരാന്തയില്‍ തന്നെയുണ്ട്. ആരാണ്, എന്താണ് വന്നത് എന്നന്വേഷിച്ചപ്പോള്‍ തങ്ങള്‍ ആര്‍എസ്എസ് പ്രചാരകന്മാരാണെന്ന് പരുങ്ങലോടെ അറിയിച്ചു. അദ്ദേഹം അത്യധികം സന്തോഷത്തോടെ ആദരപൂര്‍വം അവരെ കയറ്റിയിരുത്തി ആര്‍എസ്എസിനെക്കുറിച്ച് തനിക്ക് വലിയ മതിപ്പാണെന്നും, നാട്ടില്‍ സ്ഥിരതാമസമാക്കിയശേഷം ഒരു ആര്‍എസ്എസുകാരനെ കണ്ടു പരിചയപ്പെടാന്‍ ഉഴലുകയായിരുന്നെന്നും മറ്റും പറഞ്ഞു. ‘ആ ഗാന്ധിയെ’ ഇല്ലായ്മയാക്കിയ സംഘടന നാടിനു വലിയ സേവനമാണ് ചെയ്തതെന്നും മറ്റും കുറെ സംസാരിച്ചു. സംഗതിയുടെ വാസ്തവ സ്ഥിതി അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ഹരിയേട്ടനു വളരെ ശ്രമിക്കേണ്ടിവന്നു. അതിനിടെ അദ്ദേഹം അവരെ സമൃദ്ധമായി ഭക്ഷണം കഴിപ്പിച്ചു. സംഘത്തെക്കുറിച്ച് ശരിയായ ധാരണ അദ്ദേഹത്തിനുണ്ടാക്കാന്‍ ഹരിയേട്ടന് വളരെ ക്ലേശിക്കേണ്ടി വന്നുവത്രേ. കഴിഞ്ഞയാഴ്ചത്തെ സംഘപഥത്തില്‍ ഇടതു സഹയാത്രികരോട് സംസാരിച്ച രീതിയെത്തുടര്‍ന്നാണ് ഈയനുഭവം എന്നോട് പറഞ്ഞത്.
മുമ്പ് പരാമര്‍ശിച്ച വിവാഹനിശ്ചയ സമയത്തെ പെരച്ചന്റെ പരാമര്‍ശമാണ് ഇതു വിവരിക്കാന്‍ സംഗതിയായത്. പെരച്ചന്റെ ഓര്‍മശക്തി അസൂയാവഹമാണ്. അതുപോലെ പരിചയപ്പെട്ടവരുടെ മനസ്സില്‍ തന്നെ സ്ഥിരപ്രതിഷ്ഠതനാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കേരളവും തമിഴ്നാടും ഒരു പ്രാന്തമായിരുന്നപ്പോള് 1963 ലാണെന്നോര്‍മ്മ. വര്‍ക്കലയില്‍ പ്രാന്തത്തിലെ പ്രചാരകന്മാരുടെ ഒരാഴ്ചത്തെ ബൈഠക് നടന്നു. ദേവസ്വം ബോര്‍ഡിന്റെ വക സത്രമായിരുന്നു വസതിഗൃഹം. പ്രാന്തപ്രചാരക് ദത്താജിയും, സര്‍കാര്യവാഹ് ബാളാസാഹിബ് ദേവരസും മാര്‍ഗദര്‍ശനത്തിനുണ്ടായിരുന്നു. വര്‍ക്കല ജനാര്‍ദ്ദന ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തില്‍ കുളി, ജനാര്‍ദ്ദന ദര്‍ശനം, സമയമനുസരിച്ച് കടലില്‍നിന്ന് ഏതാണ്ട് നൂറടി ഉയരമുള്ള അവിടെനിന്നും താഴെ തിരക്കുഴിയ്ക്കു സമീപം ഇറങ്ങുക മുതലായ പരിപാടികളില്‍ എല്ലാവരും രസിച്ചിരുന്നു. അമ്പലക്കുളത്തിലെ നീന്തിക്കുളിയില് സമീപവാസികളായ ചെറുപ്പക്കാരും കുട്ടികളുമായി പെരച്ചന്റെ ഇടപെടലുകള്‍ വിസ്മയകരമായി. പത്തുമുപ്പതു കുട്ടികള്‍ സദാ അദ്ദേഹത്തെ പിന്തുടരാന് ഉണ്ടായിരുന്നു. ബൈഠക്കിനിടെ വൈകുന്നേരത്തെ ശാഖാപരിപാടിയില്‍ വ്യാപൃതരായപ്പോള്‍ കുട്ടികള്‍ അതിനെ അനുകരിച്ചു തുടങ്ങി. രണ്ടു ദിവസംകൊണ്ട് പെരച്ചന് അവരുടെ ‘ശിക്ഷക’നായിത്തീര്ന്നു. വര്‍ക്കലയിലെ സംഘപ്രവര്‍ത്തനത്തിന്റെ ബീജാവാപം അതായി എന്നുപറയുന്നതാവും ഉചിതം.
കുറേ വര്‍ഷങ്ങള്‍ക്കുശേഷം പെരച്ചന് പെരുമ്പാവൂര്‍ കേന്ദ്രമായി മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകളുടെ സംഘചുമതല നോക്കി. തൊടുപുഴയില്‍, എന്റെ അച്ഛന് സംഘചാലകനായിരുന്നതിനാല് എന്റെ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നു. അവിടെയും കുട്ടികളുടെ ആകര്‍ഷണ കേന്ദ്രമായി. അവിടെയടുത്തു കൂടയത്തൂര്‍ എന്ന സ്ഥലത്ത് ഓണപ്പിറ്റേന്നു ബാലസ്വയംസേവകര്ക്കായി നടത്തപ്പെട്ട സഹലില്‍ മുഖ്യാതിഥി പെരച്ചനായിരുന്നു. നിരവധി ദശകങ്ങള്‍ക്കുശേഷം ഇന്നും അവിടത്തെ മുതിര്‍ന്ന സ്വയംസേവകര്‍ക്കും അനുഭാവികള്‍ക്കും ഉത്സാഹജനകമായ ഓര്‍മയായി അതു നിലനില്ക്കുന്നു.
1975 ല്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്നു കോഴിക്കോട്ടെ സംഘകാര്യാലയത്തില്‍ നിന്നു പിടികൂടപ്പെട്ടവരില്‍ പെരച്ചനും പെട്ടിരുന്നു. അന്നു പോലീസുകാരുടെ ഭീകരമര്‍ദ്ദനത്തിനും ഇരയായി. ഞാനും പെരച്ചനും കാസര്‍കോട് കുമ്പളയിലെ രവീന്ദ്രനുമായിരുന്നു ഒരേ കേസിലെ പ്രതികള്‍. ജയിലില്‍ ഞങ്ങള്‍ക്കു മര്‍ദ്ദനം ലഭിച്ചില്ല. എന്നാല്‍ അതിനു മുന്‍പ് പെരച്ചനും മറ്റു ചിലര്‍ക്കും ഭീകരമായ മര്‍ദ്ദനമേറ്റു. എന്നോടൊപ്പം പിടികൂടപ്പെട്ടവരെ പോലീസ് ആസ്ഥാനത്തിനു മുമ്പിലെ റോഡില്‍ കൊണ്ടുവന്നപ്പോള്‍ പെരച്ചനെയും ദത്താത്രയറാവുവിനെയും രാജഗോപാലനും മാരാരും പരമേശ്വരനും എവിടെ എന്നു ചോദിച്ചുകൊണ്ട് പ്രഹരിക്കുന്നതും അവര്‍ നിലവിളിക്കുന്നതും കേള്‍ക്കാമായിരുന്നു. ‘ഹരിയെവിടെ, ഭാസ്കര്‍ റാവുവെവിടെ’എന്നു പറയാന്‍ കഴിയാത്തതായിരുന്നു പെരച്ചന്റെ കുറ്റം. നാലുമാസം ഒരേ കള്ളക്കേസിലെ പ്രതികളായി ഞങ്ങള്‍ (രവീന്ദ്രനും പെരച്ചനും ഞാനും) കോഴിക്കോട്ടെ ജയിലില്‍ കഴിഞ്ഞു.
അദ്ദേഹം പിന്നീട് പ്രചാരകജീവിതം അവസാനിപ്പിച്ച്, സ്വവസതിയായ ‘കല്ലുവെട്ടുംകുഴി’യില്‍ താമസമാക്കി. അവിടെത്തെ കുടുംബഭരദേവതയായ ദേവീക്ഷേത്രം പുതുക്കിപ്പണിയിച്ചു. മാതാ അമൃതാനന്ദമയീദേവിയുടെ കോഴിക്കോടു സന്ദര്‍ശനവേളയില്‍ അമ്മയെപോയിക്കണ്ട് അപേക്ഷിച്ചതിനുസരിച്ച് ക്ഷേത്രപ്രതിഷ്ഠയില്‍ സന്നിധാനം ചെയ്തനുഗ്രഹിച്ചു. നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ലഭിച്ച പെരച്ചന് തന്റെ സാന്നിധ്യം കൊണ്ടും ഹൃദയ നൈര്‍മല്യം കൊണ്ടു എത്രയെത്ര ആളുകളെ ആകര്‍ഷിക്കാനും ആദര്‍ശ നിഷ്ഠരാക്കുവാനും കഴിഞ്ഞുവെന്നു നോക്കുമ്പോള്‍ വിസ്മയിച്ചുപോകും.
അടിയന്തരാവസ്ഥാ കേസ് വിചാരണയ്ക്കായി കോഴിക്കോട്ടെ കോടതിയിലെ പ്രതിക്കൂട്ടില്‍ ഞങ്ങളെ നിര്‍ത്തിയപ്പോള്‍ പെരച്ചന് തന്റെ കൈവശം ഉണ്ടായിരുന്ന തൂവാല കൈത്തണ്ടയിലാണിട്ടിരുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആന്റണി ”അതു തോളത്തല്ലേ ഇടേണ്ടത് അവിടെ ഇടൂ” എന്നു പറഞ്ഞു. ആന്റണി നീതിന്യായ വകുപ്പില്‍ ചേരുന്നതിനു മുന്‍പ് ആര്‍എസ്പിക്കാരനായിരുന്നു. അന്നത്തെ ഭരണമുന്നണിയിലെ ഘടകമായിരുന്നു തന്റെ പാര്‍ട്ടിയെങ്കിലും, അടിയന്തരാവസ്ഥയോടുള്ള അതിന്റെ നിലപാടിനേ എതിര്‍ത്തു. സേവനവിമുക്തനായ ശേഷം സ്വമേധയാ ബിജെപിയില്‍ ചേരുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹവുമായി സംസാരിക്കുന്നതിനിടയില്‍ തനിക്ക് ആര്‍എസ്എസില്‍ ചേരാനായിരുന്നു കൂടുതല്‍ താല്‍പ്പര്യം എന്നു മനസ്സിലായി. ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു വിരമിച്ച മിക്ക പ്രമുഖരും ഇതേ അഭിപ്രായക്കാരനാണെന്ന് ഇന്ന് തെളിഞ്ഞിട്ടുണ്ടല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: