ന്യൂദല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പുരോഹിതനെ വിവരദോഷി എന്ന് വിളിക്കാന്‍ മാത്രം വിവരമില്ലാതായിപ്പോയി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ബാലിശമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടാണ് ഇതിലും വ്യക്തമായത്. സമസ്ത പിണറായി സര്‍ക്കാരിനെ തുറന്ന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ സമസ്തക്കെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. സര്‍ക്കാരിനെ വിമര്‍ശിച്ച പുരോഹിതനെതിരെ പറയുന്നതില്‍ ആയിരം നാവാണ് സിപിഎം നേതാക്കള്‍ക്ക്. സ്ഥാപിത, നിക്ഷിപ്ത താല്പര്യക്കാര്‍ക്കും വര്‍ഗീയ വിദ്വേഷവും വൈര്യവും വെച്ചുപുലര്‍ത്തുന്നവര്‍ക്കും വേണ്ടി സിപിഎം സര്‍ക്കാര്‍ കുഴലൂതുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം മാറി. ഇന്ന് എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. ഭാവി കേരളം എന്‍ഡിഎയെ ഉറ്റുനോക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ കുതിപ്പുണ്ടാക്കും. വരുംകാല കേരള രാഷ്‌ട്രീയം വഴിത്തിരിവിലാണ്. മൂന്നാമതൊരു ശക്തി വളര്‍ന്നു പന്തലിച്ചു കഴിഞ്ഞുവെന്നതാണ് കേരളത്തിലെ ചിത്രം വ്യക്തമാക്കുന്നത്.
മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന അഭിമാനകരമായ നിമിഷത്തെ ഭാരതവും ലോകമെങ്ങും സന്തോഷത്തോടെയാണ് വരവേല്‍ക്കുന്നത്. ഭാരതം ഇനിയുള്ള നാളുകളില്‍ വികസനത്തിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയും ഈ രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണെന്ന് ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. ഇപ്പോഴും കോണ്‍ഗ്രസിന്റെയും ഇന്‍ഡി മുന്നണിയുടെയും അരിശം തീര്‍ന്നിട്ടില്ല. ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നു. നാടിനെ കുറിച്ചുള്ള വിശാലതാല്പര്യങ്ങളോ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന താലപര്യമോ ഇന്‍ഡി മുന്നണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: