തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂണ്‍ 10 മുതല്‍ ജൂലൈ 25 വരെ ചേരുമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സമ്മേളനം.
ആദ്യ ദിനത്തില്‍ തന്നെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനുള്ള ബില്‍ അവതരിപ്പിക്കും. 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്കായി അയക്കും. വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചിരുന്നു. തുടര്‍ന്നാണ് ബില്‍ രൂപീകരിച്ച് സഭയില്‍ അവതരിപ്പിക്കുന്നത്.
സമ്മേളന കാലയളവില്‍ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം ഗവണ്മെന്റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. തുടര്‍ന്ന്, ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതാണ്. സമ്മേളനത്തിനിടയില്‍ ജൂണ്‍ 13, 14, 15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കും. ആ ദിവസങ്ങളില്‍ നിയമസഭാ സമ്മേളനം ചേരില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജൂലൈ 25ന് സഭ പിരിയും. അംഗങ്ങള്‍ക്ക് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ വെള്ളിയാഴ്ചയാണ് ക്രമീകരിച്ചിരിക്കുന്നത്. പലപ്പോഴും വെള്ളിയാഴ്ച സഭ ചേരാതിരിക്കുകയോ അംഗങ്ങള്‍ കുറവോ ആയിരിക്കും. അതിനാല്‍ സ്വകാര്യബില്ലിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന തരത്തില്‍ സമയക്രമീകരണം ആലോചിക്കുമെന്നും ഷംസീര്‍ പറഞ്ഞു.
സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭ നിര്‍ത്തിവച്ച് മെമ്പേഴ്സ് ലോഞ്ചില്‍വച്ച് 15ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കെ. രാധാകൃഷ്ണന്, പാലക്കാട് എംഎല്‍എ ഷാഫി എന്നിവര്‍ വിജയിച്ചതോടെ ജൂണ്‍ 17 നുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. അതിനുമുന്നേ ഫോട്ടോ എടുക്കാനാണ് തീരുമാനം. ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തിലും വോട്ട് കുറഞ്ഞത് സംസ്ഥാനത്താകെയുള്ള ഇടത്പക്ഷത്തോടകുള്ള എതിര്‍പ്പ് കൊണ്ടാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനമാണ് ഉണ്ടായതെന്നും സ്പീക്കര്‍ ന്യായീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: