തിരുവനന്തപുരം: എസ്.സി.ഇ.ആർ.റ്റി നാലാം ക്ലാസിലെ പാഠപുസ്തക ഉള്ളടക്കത്തിന് വിമർശനം. നാലാം ക്ലാസിലെ പാഠപുസ്തകം പഠിക്കുന്ന ഒരു വിദ്യാർത്ഥിയോട് കേരളത്തിലെ ആദിവാസികൾ എങ്ങനെയാണെന്ന് ചോദിച്ചാൽ ‘പച്ചില ഉടുത്ത് ഇരിക്കണം, വില്ലന്മാർ കറുത്തിരിക്കണം…’ എന്നാവും മറുപടി. കാരണം ഇപ്പോഴും പാഠപുസ്തകത്തിലെ ചിത്രങ്ങളിൽ ഇതാണ് ഉള്ളതെന്ന് അശ്വതി കാർത്ത്യായനി ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളെ വർഷങ്ങളായി ഇതുതന്നെയാണ് പഠിപ്പിച്ചു വരുന്നതെന്നും അശ്വതി കാർത്ത്യായനി ഫേസ്ബുക്കിലൂടെ ഓർമ്മിപ്പിക്കുന്നു.
ഇതേ പുസ്തകം പഠിക്കുവാൻ ഞങ്ങളുടെ കുഞ്ഞുങ്ങളും ഉണ്ടാവും. നിങ്ങളുടെ കുട്ടികൾക്ക് തെറ്റായ ചരിത്രബോധമുണ്ടാവുമ്പോൾ ഞങ്ങളുടെ കുട്ടികൾക്ക് അപകർഷതയും അപമാനവും ആയിരിക്കും ഉണ്ടാവുക. ഇത് സവർണരുടെ പാഠപുസ്തകമാണ്, ഞങ്ങൾ പാഠപുസ്തകത്തിലില്ല. വസ്തുതകളും ചരിത്രങ്ങളും ഇങ്ങനെ തെറ്റായി രേഖപ്പെടുത്തുന്നതിലുള്ള പ്രശ്നമൊക്കെ അറിയാഞ്ഞിട്ടല്ല. ഇതെത്ര കാലമായി പറയുന്നൊരു കാര്യമാണ്. ഈ 2024 ൽ പോലും ഒരു ചിത്രത്തിലെങ്കിലും ഞങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ ആകുന്നില്ലെങ്കിൽ അന്യം ഇല്ലാതാവുന്നൊരു ജനതയാവില്ലേ ഞങ്ങൾ…? അശ്വതി പറയുന്നു.
കാലങ്ങളായി അവഗണിക്കപ്പെടുന്ന ജനത തങ്ങളുടേതായ ഇടം കണ്ടെത്തി വിദ്യാഭ്യാസ പരമായും തൊഴിൽപരമായും സാംസ്കാരിക പരമായും സാമ്പത്തികപരമായും സാമൂഹികപരമായും ഇടം കണ്ടെത്തി മുന്നോട്ടുപോവുമ്പോൾ അവരെ വീണ്ടും അവഹേളിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ആ പ്രവണത ന്യായീകരിക്കുന്നവരുമുണ്ട്. അതുകൊണ്ടാണല്ലോ ആദിവാസികളെ അന്ന് ‘പ്രദർശിപ്പി’ച്ചപ്പോൾ അതിനെയും ന്യായികരിച്ചത്. അതിൽ പ്രധാനപ്പെട്ട ഒരു ന്യായീകരണം ഇപ്പോൾ ഓർമ്മ വരികയാണ്. അവർക്ക് ദിവസക്കൂലി കിട്ടുമത്രേ. ആ കാശില്ലാതാക്കരുതെന്ന്…!! ഇങ്ങനെയുള്ള ആളുകൾക്കിടയിൽ നിന്നാണ് ‘ഞങ്ങൾ തുണിയുടുക്കുന്ന, തൊഴിൽ ചെയ്യുന്ന ഒരു ജനതയാണു കൂട്ടരേ’ എന്ന് തെളിയിക്കേണ്ടി വരുന്നതെന്നും അശ്വതി കാർത്ത്യായനി കുറിക്കുന്നു.
മലയാള പാഠപുസ്തകങ്ങളിലെ വിപ്ലവം എത്രത്തോളം ഉണ്ടെന്ന് നോക്കാൻ എല്ലാ ക്ലാസിലെയും പുസ്തകങ്ങൾ ഒന്ന് ഓടിച്ച് നോക്കിയപ്പോൾ കിട്ടിയതാണ്. ആദിവാസികൾ പച്ചില ഉടുത്ത് ഇരിക്കണമെന്നും വില്ലന്മാർ കറുത്തിരിക്കണമെന്നും ഒക്കെയാണ് ഇപ്പോഴും ഇവറ്റകളുടെ ചിന്ത. അശ്വതിയുടെ ഈ പോസ്റ്റിന് ധാരാളം ആളുകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: