ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം നേതാക്കൾ അണികളോട് ആവർത്തിച്ച് പറഞ്ഞത് ദേശീയ പാർട്ടി നിലനിർത്തണമെങ്കിൽ കേരളത്തിലെ മുഴുവൻ സീറ്റുകളും ജയിക്കണം എന്നതായിരുന്നു. ഇതുവരെ സിപിഎം ദേശീയ പാർട്ടി പദവി നിലനിർത്തിയിരുന്നത് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയുണ്ടായതിനാലാണ്. കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ നാലു സംസ്‌ഥാനങ്ങളിൽ സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവിയുണ്ട്. അതുകൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി സിപിഎം തുടരുന്നത്. അതേസമയം ബംഗാളിൽ 2026 ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണെന്ന് നേതൃത്വത്തിന് നന്നായി അറിയാം.
മൂന്നര പതിറ്റാണ്ടിലേറെ സിപിഎം ഭരിച്ച ബംഗാളിൽ പാർട്ടി തകർന്ന് തരിപ്പണമായ അവസ്ഥയാണ്. സംസ്ഥാന നിയമസഭയിൽ സിപിഎമ്മിന് ഒരംഗം പോലുമില്ല. കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് ശതമാനം ലോക്സഭാ സീറ്റുകളിൽ (11സീറ്റുകളിൽ ) വിജയമോ, നാലു ലോക്സഭാംഗങ്ങളും ലോക്സഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറു ശതമാനം വോട്ടു നേടുകയോ, നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവിയോ ഉള്ള പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി ലഭിക്കുക. ഈ മൂന്ന് വ്യവസ്ഥകളിൽ ഒന്നെങ്കിലും പാലിച്ചാൽ ദേശീയ പാർട്ടി പദവി ലഭിക്കും.
പതിനേഴാം ലോക്സഭയിൽ സിപിഎമ്മിന് മൂന്ന് അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ആലപ്പുഴയിൽ നിന്നും എഎം ആരിഫും തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് അംഗങ്ങളും. തമിഴ്നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണ് ജയിച്ചത്. മധുരയിൽ എസ്. വെങ്കിടേശൻ രണ്ടു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഡിണ്ടിഗലിൽ ആർ. സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. രാജസ്ഥാനിലെ ഒരു സീറ്റിന് പുറമേ തമിഴ്നാട്ടിലെ രണ്ടു സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചത് കോൺഗ്രസിന്റ സഹായത്തോടെയാണ്.
അതായത്, സിപിഎമ്മിന്റെ നാലിൽ മൂന്ന് എംപിമാരും കോൺഗ്രസിന്റെ സഹായത്താൽ മാത്രം സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ അവർ മൂന്നുപേരും എടുക്കുന്ന നിലപാടുകൾ കോൺഗ്രസിന് അനുകൂലമായി മാത്രമാകും. അല്ലെങ്കിൽ അടുത്ത തവണ വിജയിക്കാനാകില്ലെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. കേരളത്തിലെ മുഴുവൻ സീറ്റുകളിലും വിജയിച്ചാലും 11 ലോക്സഭാംഗങ്ങളുണ്ട് എന്ന കാരണത്താൽ സിപിഎമ്മിന് ദേശീയ പാർട്ടി പദവി ലഭിക്കുമായിരുന്നില്ല. കാരണം മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 11 ലോക്സഭാംഗങ്ങൾ എന്നതാണ് ദേശീയ പാർട്ടിക്കുള്ള വ്യവസ്ഥ.
നിലവിലെ സാഹചര്യത്തിൽ കേരളവും തമിഴ്നാടും കഴിഞ്ഞാൽ തൃപുരയിലോ പശ്ചിമ ബംഗാളിലോ ഒരാളെ പോലും വിജയിപ്പിക്കാനുള്ള ശേഷി സിപിഎമ്മിനില്ല എന്ന് സിപിഎം ദേശീയ നേതൃത്വത്തിന് നന്നായി അറിയാമായിരുന്നു. അങ്ങനെയാണ് രാജസ്ഥാനിലെ സികാറിൽ സിപിഎം കണ്ണുവച്ചത്.1996ന് ശേഷം സികാർ ലോക്സഭാ മണ്ഡലത്തിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയായി ആറു തവണ ആംരാ റാം മത്സരിച്ചിരുന്നെങ്കിലും ഒരിക്കൽ പോലും വിജയിക്കാനായിരുന്നില്ല. കോൺഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് സികാർ. പലതവണ ഇവിടെ നിന്നും കോൺഗ്രസ് വിജയിച്ചിട്ടുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുഭാഷ് മഹാരിയ നേടിയത് 4,74,948 വോട്ടുകളാണ്. അന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി സ്വാമി സുമേധാനന്ദ സരസ്വതി 7,72,104 വോട്ടുകൾ നേടി. അന്നും സികാറിലെ സിപിഎം സ്ഥാനാർത്ഥി സംസ്ഥാന സെക്രട്ടറി ആംരാ റാം തന്നെയായിരുന്നു. ആംരാ റാമിന് ലഭിച്ചതാകട്ടെ വെറും 31,462 വോട്ടുകളും. സിപിഎം സ്ഥാനാർത്ഥി സികാറിൽ ജയിച്ചാലും ഇന്ത്യാ മുന്നണിക്ക് തന്നെ പിന്തുണ എന്നുറപ്പിച്ചാണ് 2019ൽ 4,74,948 വോട്ട് നേടിയ മണ്ഡലം സിപിഎമ്മിന് മത്സരിക്കാനായി കോൺഗ്രസ് നൽകുന്നത്.
കോൺഗ്രസിന് അധികാരം കിട്ടിയില്ലെങ്കിലും അത് സിപിഎമ്മിന് ഗുണം ചെയ്തു. കൈവിട്ട് പോയെന്ന് കരുതിയ ദേശീയ പാർട്ടി പദവി ഇനിയുമൊരു പത്തു വർഷത്തോളം സിപിഎമ്മിന് സ്വന്തം.ദേശീയതലത്തിൽ സിപിഎം വെറും നാല് സീറ്റുകളിലാണ് വിജയിച്ചത്. കേരളത്തിലെ ഒന്നിന് പുറമേ തമിഴ്‌നാട്ടിൽ രണ്ടിടത്തും രാജസ്‌ഥാനിൽ ഒരിടത്തുമാണ് സിപിഎം ജയിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: