ന്യൂദല്‍ഹി: ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന സാഹചര്യം വിരോധാഭാസമാണെന്ന് മുതിര്‍ന്ന അഭിഭാഷകന് വികാസ് സിങ്.
ജയിലില്‍ കഴിയുന്ന ആളുകള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയില്ല, പക്ഷേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമെന്നത് വിചിത്രമാണ്. ഇത്തരമൊരു സാഹചര്യം ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഒരിക്കലും കരുതിയിരിക്കില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പാര്‍ലമെന്റ് ഇടപെടുകയും ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും വേണം. ഒരു പാര്‍ലമെന്റ് സീറ്റ് 60 ദിവസത്തില്‍ കൂടുതല്‍ ഒഴിഞ്ഞുകിടക്കാന്‍ കഴിയില്ലെന്ന് വികാസ് സിങ് പറഞ്ഞു. കസ്റ്റഡിയില്‍ കഴിയുന്നത് വരെ അവരുടെ മണ്ഡലത്തിന് പ്രാതിനിധ്യം ലഭിക്കാത്തതിനാല്‍ അത്തരം സ്ഥാനാര്‍ത്ഥികളെ വീണ്ടും മത്സരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
ഭരണഘടനയില്‍ വിശ്വസിക്കാത്തവരെ സംരക്ഷിക്കുന്നു എന്നതാണ് ഭരണഘടനയുടെ ഭംഗിയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഉദ്ധരിച്ച് സുപ്രീം കോടതി അഭിഭാഷകന് പ്രശാന്ത് പദ്മനാഭന് പറഞ്ഞു. ഇത്തരം കേസുകള്‍ ഒഴിവാക്കാനുള്ള പ്രതിവിധി ത്വരിതഗതിയിലുള്ള വിചാരണയാണ്. ജയിലില്‍ കഴിയുന്നവരെ കുറ്റവിമുക്തരാക്കുകയോ ശിക്ഷിക്കുകയോ ചെയ്യാമെന്നും പ്രശാന്ത് പദ്മനാഭന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഖാലിസ്ഥാനി ഭീകരന് അമൃത്പാല്‍ സിങ്ങിനും ഭീകരവാദ ഫണ്ടിങ് കേസില്‍ ജയിലില്‍ കഴിയുന്ന എന്‍ജിനീയര്‍ അബ്ദുള്‍ റഷീദിനും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനും സുപ്രധാന വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനും കോടതിയുടെ അനുമതിയോടെ പാര്‍ലമെന്റില്‍ വരാമെന്ന് ഭരണഘടനാ വിദഗ്ധന്‍ പി.ഡി.ടി. ആചാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: