ഡാലസ്: ക്യാപ്റ്റന്‍ മോഹങ്ക് പട്ടേല്‍, ബൗളര്‍ സൗരഭ് നേത്രാവല്‍, ബാറ്റര്‍ നിതീഷ് കുമാര്‍…. പാകിസ്ഥാന് അമേരിക്കയ്ക്ക് മുന്നില്‍ വീണതിന് പിന്നില്‍ മൂന്ന് ഭാരതീയ വംശജര്‍.
ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ സൂപ്പര്‍ ഓവറിലേക്കു കടന്ന നാടകീയ മത്സരത്തില്‍ അടിപറയിച്ചാണ് അമേരിക്ക ആദ്യ അട്ടിമറിജയം സ്വന്തമാക്കിയത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത അമേരിക്ക നേടിയത് 18 റണ്‍സ്. പാകിസ്ഥാന് മറുപടിക്ക് പേസ് ബൗളര്‍ സൗരഭ് നേത്രാവല്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ നേടാനായത് വെറും 13 റണ്‍സ്. പാക് ബാറ്റര്‍ ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും സൗരഭ് പിഴുതു. പാക്കിസ്ഥാന് നേടാനായത് 13 റണ്‍സ്. മൂന്ന് വൈഡ് അടക്കം ഏഴ് എക്സ്ട്രാ റണ്‍ വഴങ്ങിയ മുഹമ്മദ് ആമിറിന്റെ ബൗളിങ്ങാണ് സൂപ്പര്‍ ഓവറില്‍ പാകിസ്ഥാന് വിനയായത്.
നേരത്തെ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ അമേരിക്ക ഒപ്പമെത്തിയത് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ്. അവസാന ഓവറില്‍ അവസാനപന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബൗണ്ടറി നേടിയ ബാറ്റര്‍ നിതീഷ് കുമാറാണ് മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടിയത്. അര്‍ധ സെഞ്ചറി നേടിയ യുഎസ് നായകന് മോഹങ്ക് പട്ടേലാണ് (50) പ്ലെയര്‍ ഓഫ് ദ് മാച്ച്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ എ ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ യുഎസ് ഒന്നാംസ്ഥാനത്ത് എത്തി.
160 റണ്‍സിന്റെ വിജയലക്ഷ്യം അമേരിക്കയെ പോലൊരു ദുര്‍ബല ടീമിന് മറികടക്കാനാവില്ലെന്ന ആത്മവിശ്വാസത്തോടെയാണ് പാക്കിസ്ഥാന് ഫീല്‍ഡിങ്ങിനിറങ്ങിയത്. എന്നാല്‍ നാല് പേസര്‍മാര്‍ അണിനിരത്തി പാകിസ്ഥാന് നയിച്ച ബൗളിങ് അക്രമണത്തെ ഒറ്റയ്ക്ക് തടയുകയായിരുന്നു ക്യാപ്റ്റന്‍ മോഹങ്ക് പട്ടേല്‍. 38 പന്തില്‍ 50 റണ്‍സെടുത്ത മോനകിന്റെ പ്രകടനം യുഎസിനെ 14 ഓവറില്‍ 2 വിക്കറ്റിന് 111 എന്ന നിലയിലെത്തിച്ചു. മോഹങ്ക് പുറത്തായതോടെ അല്പം പരുങ്ങിയെങ്കിലും കാനഡയ്ക്കെതിരായ ആദ്യമത്സരത്തിലെ ഹീറോ ആരോണ്‍ ജോണ്‍സ് (36 നോട്ടൗട്ട്) വീണ്ടും രക്ഷകനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: