ക്രിക്കറ്റിനെ ആഗോളവത്കരിക്കാനുദ്ദേശിച്ചാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിന് അമേരിക്കയെ സഹ ആതിഥേയരാക്കിയത്. കഴിഞ്ഞ ലോകകപ്പിലെ പങ്കാളിത്തം 20 ടീമുകളാക്കി ഉയര്‍ത്തിയതായിരുന്നു ഇതിന്റെ ആദ്യപടി. പുതിയ കളിത്തട്ടില്‍ കളിയെത്തുമ്പോള്‍ പിച്ചുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില പാകപ്പിഴകള്‍ വന്നിട്ടുണ്ടെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ പുരോഗമിക്കുന്നത്. അമേരിക്കന്‍ ഐക്യ നാടുകളില്‍ ആദ്യ ഘട്ട മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിറംകെട്ട പ്രകടനത്തിന്റെ പേരില്‍ കളിക്കാരും ആരാധകരും പിച്ചിനെ കുറിച്ച് പിറുപിറുക്കലുമായി രംഗത്തെത്താനും തുടങ്ങി.
ലോകകപ്പ് പോലുള്ള വമ്പന്‍ മാമാങ്കത്തിന് ആദ്യമായി വേദിയൊരുക്കുന്നതിലെ പാകപ്പിഴകള്‍ ഓരോ കളിയിലൂടെയും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യം. ആദ്യ ഘട്ടത്തിലെ 16 മത്സരങ്ങളാണ് അമേരിക്കയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി നടക്കുക. ഫ്ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്ക്, ഡല്ലാസിലെ ഗ്രാന്‍ഡ് പ്രയ്റിയെ, ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണവ. ഇതില്‍ ഫ്ളോറിഡയിലെ പിച്ച് മാത്രമാണ് മുമ്പ് ഏതാനും തവണ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ളത്. ഡല്ലാസിലെയും ന്യൂയോര്‍ക്കിലെയും വേദികളില്‍ ആദ്യമായി മത്സരം അരങ്ങേറുന്നത് ലോകകപ്പോടുകൂടിയാണ്. ഇതില്‍ ന്യൂയോര്‍ക്കിലെ കഥ ഏറെ രസകരവുമാണ്.
ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് അവടെ വച്ച് തന്നെ രൂപപ്പെടുത്തിയതല്ല. പിച്ച് മാത്രം മറ്റൊരു സ്ഥലത്ത് വച്ച് തയ്യാറാക്കിയിട്ട് ക്രെയ്നുകളും മറ്റും ഉപയോഗിച്ച് കളിക്ക് വേണ്ടി ഇവിടെ സ്ഥാപിച്ചിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞാലുടനെ ഇത് ഇവടെ നിന്ന് നീക്കം ചെയ്യും. ഇത്തരത്തില്‍ കളിക്കായി പിച്ച് കെട്ടിയിറക്കുന്ന രീതിക്കാണ് ഡ്രോപ്പ്-ഇന്‍ പിച്ചുകള്‍ എന്ന് വിശേഷിപ്പിച്ചുവരാറുള്ളത്. ഇത്തരത്തില്‍ ലോകത്ത് മറ്റ് വേദികളിലും ഡ്രോപ്പ്-ഇന്‍ പിച്ചുകള്‍ ഉപയോഗിച്ച് വരാറുണ്ട്. പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളിലാണ് ഇത്തരം വിക്കറ്റുകള്‍ പ്രയോജനപ്പെടുത്താറുള്ളത്. എംസിജി എന്നറിയപ്പെടുന്ന വിഖ്യാതമായ മെല്‍ബന്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിലെ പിച്ച് കൈകാര്യം ചെയ്യുന്നത് ഡ്രോപ്പ്-ഇന്‍ രീതിയിലാണ്.
പല വേദികളും ഇത്തരത്തില്‍ പിച്ചുകളെ ആശ്രയിക്കാന്‍ കാരണം വേദികള്‍ പൊതുവില്‍ ക്രിക്കറ്റിന് വേണ്ടി മാത്രമായുള്ളവ ആയിരിക്കില്ല. വിവിധ കായിക ഇനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൈതാനത്തെ ക്രിക്കറ്റിന് ഉപയോഗിക്കുമ്പോള്‍ പിച്ച് കൊണ്ടുവന്ന് സ്ഥാപിക്കുകയാണ് ചെയ്യുക.
നടന്നുവരുന്ന ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടം ന്യൂയോര്‍ക്കിലെ സ്റ്റേഡിയത്തിലായിരുന്നു. രണ്ട് ഇന്നിങ്സിലുമായി 157 റണ്‍സാണ് പിറന്നത്. ഭാരതവും അയര്‍ലന്‍ഡും തമ്മില്‍ നടന്ന മത്സരവും ഇതേ വേദിയിലായിരുന്നു. ഐറിഷ് സ്കോര്‍ അതിവേഗം മറികടക്കാനിറങ്ങിയ ഭാരതം നന്നായി സമയമെടുത്താണ് ഫിനിഷ് ചെയ്തത്. നാളെ പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ മത്സരം ഇതേ വേദിയിലാണ്. കാനഡയ്ക്കെതിരെയും ഭാരതത്തിന് കളിക്കേണ്ടത് ഇവിടെ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: