Kerala

ശനിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിനം; അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു

Published by

കൊച്ചി: 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ തലത്തില്‍ തുടരുന്ന ഏകപക്ഷീയ നീക്കമാണിതെന്നും യാതൊരു കൂടിയാലോചനയും നടത്താതെ എടുത്ത തീരുമാനം വിദ്യാര്‍ത്ഥികളെയും ഒപ്പം അധ്യാപകരേയും ബാധിക്കുന്നതായും പരാതി. കുട്ടികള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം ക്ലാസുകള്‍ക്ക് ശേഷം വരുന്ന ശനിയാഴ്ച എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയുടെ ദിനമാണ്.

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നിരുന്നത് ഈ ദിവസമാണ്. മറ്റ് പല മത്സരങ്ങളും മേളകളുമടക്കം ഈ ദിനത്തിലാണ് നടന്നിരുന്നത്. നേരത്തെ ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ 205 പ്രവൃത്തി ദിനങ്ങളാണ് അംഗീകരിച്ചത്.

പിന്നാലെ കലണ്ടര്‍ പുറത്തിറക്കിയപ്പോള്‍ 220 ദിവസമാക്കി. എന്നാല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഈ മാറ്റമില്ല.
മുമ്പ് ശനിയാഴ്ചകളില്‍ ഹയര്‍സെക്കന്‍ഡറി പ്രവൃത്തി ദിനമായിരുന്നു. ഇത് മാറ്റി സമയം കൂട്ടിയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെയാക്കിയത്. പുതിയ പരിഷ്‌കാരം വരുന്നതോടെ യുപി സ്‌കൂളിലെ കുട്ടികള്‍ക്കും ശനിയാഴ്ചകളില്‍ സ്‌കൂളിലെത്തേണ്ടി വരും. ഇത് അവരുടെ അവധിയേയും മറ്റ് പ്രവര്‍ത്തനങ്ങളേയും ബാധിക്കും.

പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്ക് യഥാക്രമം 800, 1000 മണിക്കൂര്‍ അധ്യയനമാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അധ്യയനദിനങ്ങള്‍ 210 ആക്കുന്നതിന് കാരണമായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നായിരുന്നു.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറ് വയസ്, പ്രൈമറി പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് ടെസ്റ്റ് യോഗ്യത തുടങ്ങിയ വിഷയങ്ങളിലൊക്കെ കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ചൂണ്ടിക്കാട്ടിയപ്പോളാണ് അന്ന് 205 ആയി പുനര്‍ ക്രമീകരിക്കാന്‍ തയ്യാറായത്. അധ്യയന ദിനങ്ങളുടെ എണ്ണം കൂട്ടുന്നതിന് ഓരോ വര്‍ഷവും ഓരോ ന്യായവാദങ്ങള്‍ ആണ് വിദ്യാഭ്യാസ വകുപ്പ് നിരത്തുന്നത്.

ദുര്‍വാശിക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍

അധ്യയനദിനങ്ങള്‍ 220 ആക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ദുര്‍വാശിക്ക് പിന്നില്‍ ബാഹ്യ ഇടപെടലാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്തല്ല അധ്യയന ദിനങ്ങള്‍ കൂട്ടിയത്. തുടര്‍ച്ചയായ ആറ് അധ്യയന ദിനങ്ങള്‍ പാടില്ലെന്ന ചട്ടവും പാലിക്കുന്നില്ല. ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്യില്ല. 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാകണമെങ്കില്‍ ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ക്കുവേണ്ടി ഇനിയും 5 ശനിയാഴ്ചകള്‍ കൂടി അധ്യാപകര്‍ക്ക് പ്രവൃത്തിദിനമാക്കേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഗോപകുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കുട്ടികളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതായി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് 11ന് തിരുവനന്തപുരത്ത് ഡിജിഇ ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് എറണാകുളത്ത് പത്രസമ്മേളത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ അവകാശങ്ങളെ കാറ്റില്‍ പറത്തിയുള്ള ഏകപക്ഷീയമായ തീരുമാനത്തെ കോടതി വഴിയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക