ന്യൂദല്ഹി: വ്യാജ തിരിച്ചറിയല് കാര്ഡുപയോഗിച്ച് മൂന്നുപേര് പാര്ലമെന്റില് അതിക്രമിച്ച് കയറാന് ശ്രമിച്ച സംഭവത്തില് ദല്ഹി പോലീസ് അന്വേഷണം തുടങ്ങി. ജൂണ് നാലിന് നടന്ന സംഭവത്തില് ഉത്തര്പ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സോയെബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാജ തിരിച്ചറിയല് കാര്ഡുപയോഗിച്ച് നാലിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൂന്നാം നമ്പര് ഗേറ്റിലൂടെ പാര്ലമെന്റിലേക്ക് കടക്കാന് ഇവര് ശ്രമിച്ചത്.
ഇവരുടെ ആധാര് കാര്ഡുകളുടെ നമ്പര് ഒന്നായിരുന്നു, ഫോട്ടോകളില് മാത്രമായിരുന്നു വ്യത്യാസം. ഗേറ്റിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന് പരിശോധനയ്ക്കിടെ ഇത് കണ്ടെത്തുകയും ഇവരെ പോലീസിന് കൈമാറുകയായിരുന്നു.
എംപി ലോഞ്ചിലെ നിര്മാണ ജോലികള്ക്കായി എത്തിച്ച ഇവര് ഗൂഢാലോചന നടത്തി വ്യാജരേഖകള് സൃഷ്ടിച്ചതും ആള്മാറാട്ടം നടത്തിയതും എന്തിനാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പാര്ലമെന്റ് സ്ട്രീറ്റ് പോലീസാണ് ഇവര്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: