പത്തനംതിട്ട: വനമേഖലയില്‍ അനധികൃതമായി നാട്ടിയ കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികളെ ചേര്‍ത്ത് രൂപീകരിച്ച സിഐടിയു യൂണിറ്റിന്റെ കൊടിമരമാണ് നീക്കംചെയ്തത്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് സമീപമായിരുന്നു കൊടിമരം.
ഇതില്‍ പ്രതിഷേധിച്ച് ഞള്ളൂര്‍ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിഐടിയു നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഇവിടെ നടത്തിയ പ്രസംഗത്തിലാണ് സിപിഎം തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രസാദ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. കൊടിമരം നീക്കം ചെയ്ത ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്നും യൂണിഫോമിലല്ലാതെ പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെഎന്നുമായിരുന്നു ഭീഷണി.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ വിവിധ ജീവനക്കാരെ ചേര്‍ത്ത് അടുത്തിടെയാണ് സിഐടിയു യൂണിറ്റ് രൂപീകരിച്ചത്. നിലവില്‍ ഉണ്ടായിരുന്ന യൂണിയനിലെ ആളുകളെക്കൂടി അടര്‍ത്തിമാറ്റിയാണ് യൂണിറ്റ് രൂപീകരിച്ചത്. വനനിയമം പാലിച്ച് പഴയ യൂണിയന് കൊടിമരം സ്ഥാപിച്ചിരുന്നില്ല. എന്നാല്‍ സിഐടിയു കൊടിമരം നാട്ടുകയും അത് വനപാലകര്‍ നീക്കം ചെയ്യുകയുമായിരുന്നു.
എന്നാല്‍ അന്നുരാത്രി തന്നെ അതേസ്ഥാനത്ത് സിഐടിയു കൊടിമരം വീണ്ടും നാട്ടി. ഇതും നീക്കം ചെയ്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ വനമേഖലയില്‍ അനധികൃതമായി കൊടിമരം നാട്ടിയതിന് വനം വകുപ്പ് കേസെടുത്തതിനാല്‍ പ്രതികളായവരെ ടൂറിസം സെന്ററിലെ ജോലിയില്‍ നിന്നും ഒഴിവാക്കേണ്ടി വരും. ഇതിനെ പ്രതിരോധിക്കാനാണ് സിഐടിയു ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
സിഐടിയു ജില്ലാ സെക്രട്ടറി എസ്. ഹരിദാസാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗത്തോടെ സംഭവം വിവാദമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: