തിരുവനന്തപുരം : ഇടവേളയ്ക്ക് ശേഷം ഗോപിനാഥ് മുതുകാട് മാജിക്കിലേക്ക് മടങ്ങിയെത്തുന്നു. മാജിക്കിലേക്ക് മടങ്ങണമെന്ന് സുഹൃത്ത് കൂടിയായ മന്ത്രി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നതായും അതാണ് മടങ്ങി വരവിനെ കുറിച്ച് ചിന്തിക്കാന്‍ കാരണമെന്നും മുതുകാട് പറഞ്ഞു.
കഴിഞ്ഞ ദിവസം മുതുകാട് സ്ഥാപിച്ച തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അപ് കഫേ ഉദ്ഘാടനം ചെയ്യാനെത്തിയ കെ ബി ഗണേഷ് കുമാര്‍ പ്രസംഗത്തിനിടെ മതുകാടിനോട് മാജിക്കിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കഴിയുമെങ്കില്‍ ഈ വര്‍ഷം തന്നെ മാജിക് പുനരാരംഭിക്കാനുള്ള ആലോചനയിലാണെന്ന് മുതുകാട് പറഞ്ഞത്. അതേസമയം പഴയ രീതിയില്‍ നിന്ന് മാറി സാമൂഹിക പ്രതിബദ്ധതയുള്ള മാജിക് പരിപാടികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക് രംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത് 2021 നവംബറിലാണ്. പ്രൊഫഷണല്‍ മാജിക് അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്നും പറഞ്ഞു.
തുടര്‍ന്ന് താന്‍ സ്ഥാപിച്ച തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റ് എന്ന സ്ഥാപനത്തില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ (ഡിഎസി) എന്ന പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ തുടങ്ങി. ഇവിടുത്തെ കുട്ടികള്‍ക്ക് മാജിക് പഠിക്കുന്നതിനൊപ്പം ഷോകള്‍ ചെയ്യാനും മുതുകാട് അവസരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: