ന്യൂദല്‍ഹി: ബിജെപി നേതാവും നിയുക്ത എംപിയുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായാണ് വിവരം. ദല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗമാണ് സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാന്‍ തീരുമാനമെടുത്തത്.
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. തൃശൂരില്‍എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ എന്നിവരെ തോല്‍പ്പിച്ചായിരുന്നു സുരേഷ് ഗോപിയുടെ മിന്നും പ്രകടനം. 75,079 വോട്ടിനാണ് സുരേഷ് ഗോപിയുടെ വിജയം.
ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളിൽ സാധാരണക്കാരും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികൾ, ട്രാൻസ്ജെൻഡർമാർ, സെൻട്രൽ വിസ്ത പദ്ധതിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ മുതൽ ലോകനേതാക്കൾ വരെ ഉണ്ടായിരിക്കുമെന്നാണ് വിവരം. വന്ദേഭാരത്, മെട്രോ ട്രെയിനുകളിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ‘വിക്ഷിത് ഭാരത് അംബാസഡർമാരിൽ ഉൾപ്പെടുന്നു.
രാഷ്‌ട്രപതി ഭവനിൽ 8,000 ലധികം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ചടങ്ങിലേക്ക് ദക്ഷിണേഷ്യൻ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും ക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവർക്കും ചടങ്ങിൽ ക്ഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക