ന്യൂദൽഹി: ഞായറാഴ്ച വൈകുന്നേരം രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ മൂന്നാം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സമൂഹത്തിലെ താഴെത്തട്ടിലെ ശുചീകരണത്തൊഴിലാളികളും.
സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ശുചീകരണ തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർമാർ, സെൻട്രൽ വിസ്ത പദ്ധതിയിൽ പ്രവർത്തിച്ച തൊഴിലാളികൾ എന്നിവരും ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
വന്ദേഭാരത്, മെട്രോ ട്രെയിനുകളിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും വികസിത് ഭാരത് അംബാസഡർമാരും ഇവരിൽ ഉൾപ്പെടുന്നുണ്ട്. രാഷ്‌ട്രപതി ഭവനിൽ 8,000-ലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
വിവിധ ദക്ഷിണേഷ്യൻ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ , ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ക്ഷണങ്ങൾ അയച്ചിട്ടുണ്ട്.
2014-ൽ സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കൾ പ്രധാനമന്ത്രി മോദിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു, 2019-ൽ ബിംസ്റ്റെക്കിന്റെ (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി മോദി. ചൊവ്വാഴ്ച നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെ മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസത്തിന് ശേഷം ദൽഹിയിൽ നടന്ന സുപ്രധാന യോഗത്തിലാണ് ബിജെപിയും സഖ്യകക്ഷികളും മോദിയെ തങ്ങളുടെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: