മലപ്പുറം: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്ത മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് സുപ്രഭാതത്തില്‍ എഡിറ്റോറിയല്‍. ‘ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖപ്രസംഗം.
തൊഴിലാളി പാര്‍ട്ടിയായ സിപിഎം സാധാരണക്കാരായ ജനങ്ങളില്‍ നിന്നും അകന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്കുന്ന പാഠം. അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഎം നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും നിറഞ്ഞാടിയതിന് ജനങ്ങളിട്ട മാര്‍ക്കാണ് ഒറ്റസംഖ്യയെന്ന് സുപ്രഭാതം കടന്നാക്രമിച്ചു.
ആരോഗ്യവും പൊതുവിതരണവും വിദ്യാഭ്യാസ വകുപ്പും കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയിട്ടില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസ് രാജില്‍ സംസ്ഥാനത്തെ പൗരാവകാശം വരെ ചവിട്ടിയരക്കപ്പെട്ടു. ക്ഷേമ പെന്ഷന് വേണ്ടി വയോജനങ്ങള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വന്നുവെന്ന പാപം ഇടതുസര്‍ക്കാരിന് കഴുകിക്കളയാനാവില്ലെന്നും സുപ്രഭാതം വിമര്‍ശിച്ചു.
തുടര്‍ഭരണം നല്കിയ അധികാര ധാഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷതയാണെന്നും സുപ്രഭാതം പുകഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: