കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പരാജയത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് കഷ്ടിച്ച് ഒരു സീറ്റ് മാത്രം ലഭിച്ചതിന്റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ രണ്ട് ദിവസം ഒന്നും മിണ്ടാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പരിഹാസ്യമായ വാദഗതികളുമായി പ്രത്യക്ഷപ്പെട്ട് പരാജയം മൂടിവയ്ക്കാന്‍ വിഫലശ്രമം നടത്തുകയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റില്‍ മാത്രമാണ് സിപിഎമ്മിന് വിജയിക്കാന്‍ കഴിഞ്ഞത്. മതമൗലികവാദികളുടെ പോലും പിന്തുണയോടെ ആലപ്പുഴ മണ്ഡലത്തില്‍ ജയിച്ച എ.എം.ആരിഫും ഇക്കുറി തോറ്റിരിക്കുന്നു. ആലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ. രാധാകൃഷ്ണനാണ് പുതിയ കനല്‍ത്തരി. രണ്ടാം പിണറായി സര്‍ക്കാരിലെ ഒരേയൊരു ദളിത് മുഖമായ കെ. രാധാകൃഷ്ണനെ തന്ത്രത്തില്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന വിമര്‍ശനം ഉയരുകയുണ്ടായി. സിപിഎം ആഗ്രഹിച്ചതുപോലെ സംഭവിച്ചിരിക്കുന്നു. രാധാകൃഷ്ണനെ ദല്‍ഹിയിലേക്കയക്കുന്നതിനു പിന്നില്‍ സിപിഎമ്മിന് മറ്റു ചില കണക്കുകൂട്ടലുകളും ഉണ്ടാവാം. പകരക്കാരനായി ആരെങ്കിലുമൊരാള്‍ മന്ത്രിസഭയിലെത്താം. പരിചയ സമ്പന്നനായ രാധാകൃഷ്ണനെ ഒഴിവാക്കുന്നതുവഴി മരുമകന് മന്ത്രിക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന തടസ്സം നീക്കുകയാണ് സിപിഎം ചെയ്തിരിക്കുന്നത്. അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട കെ. രാധാകൃഷ്ണന് ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ്. അധികാരത്തോളം വരില്ല ആദര്‍ശമെന്ന് ഈ നേതാവ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
വമ്പന്‍ അവകാശവാദങ്ങളുമായാണ് സിപിഎമ്മും എല്‍ഡിഎഫും ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഹന്തയുടെ പരമകാഷ്ഠയായ ഒരു മുദ്രാവാക്യവും ഉയര്‍ത്തി. ‘ഇടതില്ലെങ്കില്‍ ഇന്ത്യയില്ല’ എന്ന മുദ്രാവാക്യത്തിന്റെ പരിഹാസ്യത മന്ദബുദ്ധികളല്ലാത്ത സിപിഎമ്മുകാര്‍ക്കുപോലും മനസ്സിലാവുന്നതായിരുന്നു. കേരളത്തിനു പുറത്ത് കോണ്‍ഗ്രസ്സിന്റെയും ഡിഎംകെയുടെയും മറ്റും കാരുണ്യത്തില്‍ തുച്ഛമായ സീറ്റുകളില്‍ മത്സരിച്ച സിപിഎം അവയില്‍ മുഴുവന്‍ ജയിച്ചിരുന്നെങ്കില്‍പ്പോലും ദേശീയ രാഷ്ട്രീയത്തില്‍ യാതൊരു ചലനവുമുണ്ടാക്കുമായിരുന്നില്ല. എന്നിട്ടും സ്വയം ഊതിവീര്‍പ്പിച്ച് തങ്ങള്‍ ഇന്ത്യ ഭരിക്കാന്‍ പോവുകയാണെന്ന് യാതൊരു ലജ്ജയുമില്ലാതെ പറഞ്ഞുനടക്കുകയായിരുന്നു പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കള്‍. യാഥാര്‍ത്ഥ്യബോധം തൊട്ടുതെറിക്കാത്ത ഈ അവകാശവാദങ്ങള്‍ ആവിയായിപ്പോകാന്‍ തെരഞ്ഞെടുപ്പ് പലം പുറത്തുവരേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. ആകെ ലഭിച്ചത് വെറും അഞ്ച് സീറ്റുകള്‍. ഇനി അധികാര ദുര്‍മോഹം അസ്ഥിക്കു പിടിച്ച കോണ്‍ഗ്രസ്സിനൊപ്പം പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കാമെന്നല്ലാതെ ഒരു പ്രയോജനവും ഈ സീറ്റുകള്‍ കൊണ്ടില്ല. ബിജെപിയും നരേന്ദ്ര മോദിയും തുടര്‍ന്നും രാജ്യം ഭരിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ ഒരു മൂലയിലിരുന്ന് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ശബ്ദമലിനീകരണം സൃഷ്ടിക്കാമെന്നല്ലാതെ മറ്റൊരു നേട്ടവുമില്ല. പരാജയത്തിന്റെ പ്രതിരൂപമായി അപമാനം സഹിച്ച് പാര്‍ലമെന്റിലെ പ്രതിപക്ഷ ബെഞ്ചിലിരിക്കുന്ന രാഹുലിന് ഹല്ലേലൂയാ പാടുകയെന്നതു മാത്രമാണ് സിപിഎമ്മിന്റെ കനല്‍ത്തരികള്‍ക്ക് ചെയ്യാനുള്ളത്.
കേരളത്തിലെ 20 ലോക്സഭാ സീറ്റുകളില്‍ ഇരുപതും പിടിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. മാസപ്പടി വിവാദവും സഹകരണബാങ്ക് കൊള്ളയും മറ്റനേകം അഴിമതിയാരോപണങ്ങളും ഇതിന് തടസ്സമാവില്ലെന്ന അഹങ്കാരമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കും. കേരളത്തിനു പുറത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിക്കുന്നവരാണ് ഇവിടെ ആ പാര്‍ട്ടിയെ എതിര്‍ക്കുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ കേന്ദ്ര നേതാക്കളായ സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടുമൊക്കെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ടു ചെയ്തത്. കോണ്‍ഗ്രസ്സിനെ ഒരു കൈ സഹായിച്ചതിന്റെ അഭിമാനവുമായി ഈ നേതാക്കള്‍ വോട്ടു ചെയ്ത വിരലുകള്‍ മാധ്യമങ്ങള്‍ക്കു നേരെ ഉയര്‍ത്തി കാണിച്ച് ഹര്‍ഷപുളകിതരാവുകയും ചെയ്തു. മുന്‍കാലത്ത് കേരളത്തില്‍ സിപിഎമ്മിന് വോട്ടു ചെയ്തിരുന്നവരില് വലിയൊരു വിഭാഗം ഇക്കുറി കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ ദാസന്മാരായി നടക്കുന്നവര്‍ ഇവിടെ മാത്രം എന്തിന് എതിര്‍ത്ത് മത്സരിക്കണം എന്ന ചിന്തസാമാന്യബുദ്ധിയുള്ള സിപിഎമ്മുകാര്‍ക്ക് ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ തോന്ന്യാസങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരായതിനാല്‍ നിശ്ശബ്ദത പാലിച്ചു എന്നുമാത്രം. ജനവിധി അംഗീകരിച്ചും അത് ആഴത്തില്‍ പരിശോധിച്ചും തിരുത്തലുകള്‍ വരുത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് യാതൊന്നും പറ്റിയിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ കണ്ടുപിടുത്തം. പിന്നെ എന്തിനാണ് പരിശോധനയും തിരുത്തും. ഈ കോമാളിത്തം ഇനിയുള്ള കാലം വിലപ്പോവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: