ജക്കാര്‍ത്ത: ലക്ഷ്യസെന്‍ ഇന്‍ഡോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ജപ്പാന്റെ കെന്റ നിഷിമോട്ടോയെ തോല്പിച്ചാണ് ലക്ഷ്യസെന്‍ മുന്നേറിയത്. ഇന്നലെ ജക്കാര്‍ത്തയില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിഷിമോട്ടോയ്ക്കെതിരെ 21-9, 21-15 എന്ന സ്കോറിനാണ് സെന്‍ വിജയം കണ്ടത്.
അതേസമയം ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സില്‍ ഭാരതീയ ജോടി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന്റെ പോരാട്ടം അവസാനിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ 21-19, 19-21, 19-21 എന്ന സ്കോറിനാണ് ടീസ ജോളി-ഗായത്രി സഖ്യം ജപ്പാന്റെ മയൂ മാറ്റ്സുമോട്ടോ-വകാന നഗഹാര സഖ്യത്തോട് പരാജയപ്പെട്ടത്.
തനിഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പ സഖ്യവും പുറത്തായതോടെ വനിതാ ഡബിള്‍സില്‍ ഭാരതത്തിന്റെ പോരാട്ടത്തിന് തിരശ്ശീലയായി. തനിഷ-അശ്വിനി സഖ്യത്തെ ദക്ഷിണ കൊറിയയുടെ ഹാ ന ബെയ്ക്ക്-സോ-ഹീ ലീ സഖ്യം 21-13, 19-21, 21-13 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
മിക്സഡ് ഡബിള്‍സില്‍ ബി. സുമീത് റെഡ്ഡി-സിക്കി റെഡ്ഡി സഖ്യം ചൈനയുടെ സിവേ സെങ്-യാക്യോങ് ഹുവാങ് സഖ്യത്തെ നേരിടും. പുരുഷ സിംഗിള്‍സില്‍ പ്രിയാന്‍ഷ് രജാവത്ത് നിലവിലെ ലോക ചാമ്പ്യനും കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവുമായ തായ്ലന്‍ഡിന്റെ കുന്‍ലാവുട്ട് വിറ്റിദ്സാറിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: