ആലപ്പുഴ: ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ മുസ്ലിം മതവിഭാഗങ്ങളില്‍ ഭീതി പരത്തി നേട്ടമുണ്ടാക്കാനുള്ള സിപിഎം തന്ത്രം പൊളിഞ്ഞു. പരമ്പരാഗതമായി സിപിഎമ്മിനൊപ്പം അടിയുറച്ച് നിന്നിരുന്ന പിന്നാക്ക, പട്ടികവിഭാഗ വോട്ടുകള്‍ ബിജെപിയിലേക്ക് പോയി എന്നു മാത്രമല്ല, സംഘടിത മുസ്ലിം വോട്ടുകള്‍ ഒന്നാകെ യുഡിഎഫിലേക്ക് ഒഴുകുകയും ചെയ്തു. നിരോധിത മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിലെ ഭീകരര്‍ കൂടുതലും ചേക്കേറിയത് സിപിഎമ്മിലും, ഇടതുപക്ഷത്തുമാണ്.
പാര്‍ട്ടിക്കു വേണ്ടി കാലങ്ങളായി പണിയെടുത്തിരുന്ന വിഭാഗങ്ങളെ അവഗണിച്ച് സംഘടിത വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ സ്ഥാനമാനങ്ങള്‍ വരെ ഇക്കൂട്ടര്‍ക്ക് പങ്കിട്ടു നല്കി. ക്രമേണ സിപിഎമ്മിനെ ഒന്നാകെ മതഭീകര സംഘടനകള്‍ വിഴുങ്ങി. സിഎഎ വിഷയത്തിലടക്കം എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരുമായി സഹകരിക്കാന്‍ തയാറായി. എസ്എഫ്ഐ നേതാവ് അഭിമന്യു അടക്കുമള്ള സഖാക്കളെ കൊന്നൊടുക്കിയ എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്ത്താര്‍ വിരുന്നില്‍ പോലും സിപിഎം നേതാക്കള്‍ മത്സരിച്ച് പങ്കെടുത്തു. ബിജെപിക്കും, കേന്ദ്രസര്‍ക്കാരിനും എതിരെ ഇല്ലാക്കഥകളും, നുണപ്രചാരണങ്ങളും സിപിഎമ്മും, ഇടതു സര്‍ക്കാരും അഴിച്ചുവിട്ടു. സംഘടിത വോട്ട്ബാങ്കും, മതഭീകരവാദ സംഘടനകളുടെ വോട്ടും പൂര്‍ണമായി തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു സിപിഎം പ്രതീക്ഷ.
എന്നാല്‍ സിപിഎം അതിവര്‍ഗീയത ആളിക്കത്തിച്ചപ്പോള്‍ ഗുണഭോക്താവായത് യുഡിഎഫാണ്. ബിജെപിയെ മുസ്ലിം വിരുദ്ധരെന്ന് സിപിഎം പ്രചാരണം നടത്തിയപ്പോള്‍, കോണ്‍ഗ്രസിനും യുഡിഎഫിനുമാണ് സംഘടിത മുസ്ലിം വോട്ടുകള്‍ ലഭിച്ചത്. കൂടാതെ പോപ്പുലര്‍ഫ്രണ്ട് നിരോധനത്തില്‍ ഇളവു നല്കുമെന്നുള്ള പ്രചാരണം വരെ ചില യുഡിഎഫ് നേതാക്കള്‍ നടത്തി. ഇതോടെ എസ്ഡിപിഐയും, വെല്‍ഫയര്‍പാര്‍ട്ടിയും അടക്കം യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. സിപിഎം വര്ഗീയകാര്ഡിറക്കിയതിന്റെ നേട്ടം യുഡിഎഫ് കൊയ്തു. വടകരയിലെ യുഡിഎഫിന്റെ വലിയ വിജയം ഇത് വ്യക്തമാക്കുന്നു.
സിപിഎം കേവലം സംഘടിത മതവോട്ടുകള്ക്കായി നയങ്ങളിലും പ്രവര്‍ത്തന പദ്ധതികളിലും മാറ്റം വരുത്തിയപ്പോള്‍ അടിസ്ഥാന വിഭാഗം പാര്‍ട്ടിയെ കൈയൊഴിഞ്ഞ് ബിജെപിയിലേക്ക് നീങ്ങി. കണ്ണൂര്‍ മുതല്‍ ആറ്റിങ്ങല്‍ വരെയുള്ള ലോക്സഭാ മണ്ഡലങ്ങളില്‍ ഇത് പ്രകടമാണ്. സിപിഎം കാലങ്ങളായി കുത്തകയാക്കിയിരുന്ന. ഈഴവ, പട്ടികജാതി, വിഭാഗങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നഷ്ടമായി. ഇത് ഗണ്യമായി എന്‍ഡിഎയ്ക്ക് ലഭിക്കുകയും ചെയ്തു. ആലപ്പുഴയില്‍ ഇത് പ്രകടമാണ്. സിപിഎമ്മിന്റെ മുസ്ലിം പ്രീണനത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടായിരുന്നു. ഇതിനെതിരെ പലരും പ്രതികരിക്കുകയും പാര്‍ട്ടി വിട്ടു പോകുകയും ചെയ്തിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കടന്നു കൂടിയ മതതീവ്രവാദികള്‍ നേതൃത്വത്തെ വരെ ഹൈജാക്ക് ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്.
ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ കാണാനായത്. സിപിഎമ്മിന്റെ കേഡര്‍ വോട്ടുകള്‍ വരെ എന്‍ഡിഎയ്ക്ക് ലഭിച്ചു എന്നതാണ് പ്രത്യേകത. പാലസ്തീനും ഗാസയ്ക്കും വേണ്ടി തെരുവിലറങ്ങിയ സിപിഎം, പക്ഷെ സാമൂഹ്യപെന്ഷന് കിട്ടാതെ സമരം ചെയ്തവരെ അവഹേളിക്കുകയായിരുന്നു. കയര്‍, കശുവണ്ടി, മത്സ്യം തുടങ്ങിയ പരമ്പരാഗ തൊഴില്‍ മേഖലകളെ സിപിഎം വിസ്മരിച്ചു. ഇടതുസര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടിയത്. തൊഴിലാളി കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ മേഖലകളെ വിസ്മരിച്ച് സംഘടിത വോട്ട്ബാങ്ക് പ്രീണനമെന്ന ഒറ്റ ലക്ഷ്യം നയമാക്കിയതാണ് സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിയതെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: