ന്യൂദല്‍ഹി: വിഘടനവാദത്തിനും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനും പണമൊഴുക്കി വൈദേശിക ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെട്ടുവെന്ന വാര്‍ത്തകള്‍ക്കിടെ ഭീകരരുടെ തെരഞ്ഞെടുപ്പ് വിജയം ചര്‍ച്ചയാകുന്നു. ഖാലിസ്ഥാന്‍ ഭീകരന് അമൃത്പാല്‍ സിങ്, ഭീകരവാദ ഫണ്ടിങ് കേസില്‍ ജയിലിലായ അബ്ദുള്‍ റഷീദ് ഷെയ്ഖ് എന്ന എന്‍ജിനീയര്‍ റഷീദ് എന്നിവരാണ് ജയിലില്‍ ശിക്ഷയിലിരിക്കേ സ്വതന്ത്രരായി മത്സരിച്ചത്.
ദേശീയ സുരക്ഷാ നിയമപ്രകാരം പിടിയിലായ അമൃത്പാല്‍ സിങ് ആസാമിലെ ദിബ്രുഗഡ് ജയിലിലില്‍ നിന്നാണ് കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍ മത്സരിച്ചത്. അനുയായികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതിന് പോലീസ് സ്റ്റേഷന് ആക്രമിച്ചതിന് ജയിലില്‍ കഴിയുന്ന ഇയാള്‍ 1,97,120 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 4,04,430 വോട്ട് നേടിയാണ് ജയിച്ചത്.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ ബാരാമുള്ളയില്‍ തോല്പിച്ചാണ് യുഎപിഎ പ്രതി അബ്ദുള്‍ റഷീദ് ഷെയ്ഖിന്റെ വിജയം. സ്വതന്ത്രനായി മത്സരിച്ച ഇയാള്‍ക്ക് 2,04,142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജയിച്ചതിന് പിന്നാലെ ഇയാളെ മോചിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി പിഡിപി നേതാവ് മെഹ്ബൂബാ മുഫ്ത്തി രംഗത്തെത്തി.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ വെടിവച്ചുകൊന്ന ബിയാന്ത് സിങ്ങിന്റെ മൂത്ത മകന് സരബ്ജീത് സിങ്ങും വിജയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: