ജയ്‌പൂർ : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെ ജലോർ മണ്ഡലത്തിലെ മകൻ വൈഭവ് ഗെലോട്ടിന്റെ തോൽവിയെക്കുറിച്ച് സംസാരിച്ച് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആ സീറ്റ് ജയിക്കാൻ ഏറെ പ്രയാസമാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
അതൊരു പ്രയാസമേറിയ മണ്ഡലമായിരുന്നു. ഗുജറാത്തിന്റെ അതിർത്തിയോട് അടുത്തുളള മണ്ഡലമാണ്. അവിടെ സംസാരിക്കുന്ന ഭാഷ ഗുജറാത്തികൾക്ക് മനസിലാകും. കഴിഞ്ഞ 20 വർഷമായി ഞങ്ങൾ ആ സീറ്റ് നേടിയിട്ടില്ല. ഇപ്പോഴും നേടാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നന്നായി നടന്നു. എങ്കിലും പരാജയപ്പെട്ടു, സീറ്റ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടുളള മണ്ഡലമാണെന്ന് ഞങ്ങൾക്ക് ആദ്യം തന്നെ അറിയാമായിരുന്നു. സംസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും സാഹചര്യം മനസിലാക്കി അവിടെ നിന്ന് മത്സരിക്കാൻ വൈഭവ് ഗെലോട്ട് തീരുമാനിക്കുകയായിരുന്നുവെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
ബിജെപിയുടെ ലുംബറാം 2,01,543 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ വൈഭവ് ഗെലോട്ടിനെ പരാജയപ്പെടുത്തി. ജലോർ മണ്ഡലത്തിൽ ലുംബറാം 7,96,783 വോട്ടുകൾ നേടിയപ്പോൾ വൈഭവ് ഗെലോട്ടിന് 5,95,240 വോട്ടുകൾ ലഭിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ 55,711 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിക്കാനീർ സീറ്റിൽ വിജയിച്ചത്.
രാജസ്ഥാനിൽ 25ൽ 14 സീറ്റുകളും ബിജെപി നേടിയപ്പോൾ കോൺഗ്രസിന് എട്ട് സീറ്റുകൾ മാത്രമാണ് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: