കാലടി: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിത മാതൃകയായി കാലടി എസ്. മുരളീധരനും പങ്കാളി രാധയും. കാലടിയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ഈ ദമ്പതികള്‍ പ്രഭാത സവാരിക്കിടെ തെരുവോരങ്ങളില്‍ നിന്നും കഴിഞ്ഞ 60 ദിവസങ്ങള്‍ കൊണ്ട് സമാഹരിച്ചത് 6000 ത്തിലേറെ കുപ്പികളും7000 ത്തിലധികം കുപ്പി അടപ്പുകളും കൂടാതെ മുന്നൂറില്പരം മദ്യക്കുപ്പികളും.
പ്ലാസ്റ്റിക് കുപ്പികളേക്കാള് ഏറെ പരിസ്ഥിതിക്ക് വിനാശകാരിയാണ് ഒറ്റച്ചവിട്ടില്‍ തന്നെ മണ്ണില്‍ താണ് ഭൂമിയും വെള്ളവും ഒരുപോലെ വിഷലിപ്തമാക്കുന്ന പ്ലാസ്റ്റിക് അടപ്പുകള്‍. ഇവ അറിയാതെ വിഴുങ്ങുന്നത് മൂലം ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് വംശനാശഭീഷണി നേരിടുന്നതെന്നും അവര്‍ പറയുന്നു. ഇവ തെരുവില്‍ നിന്ന് നീക്കുന്നതിലൂടെ മഹത്തായ ഒരു കൃത്യമാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഈ ദമ്പതികള്‍ ചെയ്യുന്നത്. പിന്നീട് ഇവയെ പുനരുല്പാദനത്തിനായി നല്‍കുക വഴി പുതിയ പ്ലാസ്റ്റിക്കിന്റെ ഉത്പാദനം അത്രയും കുറയുകയും ചെയ്യുന്നു. ഇവ വിറ്റു കിട്ടുന്ന തുക കാലടി എസ്എന്‍ഡിപി ലൈബ്രറിയിലെ ശാസ്ത്ര പുസ്തക വിഭാഗം വിപുലീകരിക്കാന്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുരളീധരന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ആരോഗ്യസംരക്ഷണത്തിനായി സഹധര്മിണിക്കൊപ്പം പ്രഭാതസവാരി ആരംഭിച്ചത്. ഞങ്ങളുടെ നടത്തം നാടിന്റെ ആരോഗ്യത്തിന് എന്നതാണ് ഇവര്‍ പരിഷ്കരിച്ച മുദ്രാവാക്യം. മണ്ണില്‍ നിന്നും കുനിഞ്ഞും നിവര്‍ന്നും പ്ലാസ്റ്റിക് അടപ്പുകള്‍ പെറുക്കുമ്പോള്‍ നല്ല ഒരു വ്യായാമവും ഇതോടൊപ്പം അറിയാതെ നടക്കുന്നു എന്ന് അവര്‍ പറയുന്നു. പെറുക്കിയെടുക്കുന്ന ചില്ലുകുപ്പികള്‍ കഴുകി വൃത്തിയാക്കി രാധയും സമീപത്തെ കുട്ടികളും ചേര്‍ന്ന് മഹദ് വചനങ്ങള്‍ എഴുതിയും ചിത്രങ്ങള്‍ വരച്ചും മനോ
ഹരമാക്കി എസ്എന്‍ഡിപി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കുന്നു. സമീപ പ്രദേശങ്ങളിലെ റെസിഡന്‍സ് അസോസിയേഷനുകളുമായും ലൈബ്രറികളുമായും സഹകരിച്ച് കുപ്പിവര കുസൃതി എന്ന പേരില്‍ ബോട്ടില്‍ ആര്‍ട്ട് വര്‍ക്ക്ഷോപ്പുകള്‍ നടത്തിയാണ് പാഴായ മദ്യക്കുപ്പികളെ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ആക്കി മാറ്റുന്നത്.
മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പുരസ്കാരങ്ങള്‍ ഈ ദമ്പതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കാലടി എസ്എന്‍ഡിപി ലൈബ്രറിയുടെ സെക്രട്ടറിയാണ് മുരളീധരന്. കാലടി ഗ്രാമപഞ്ചായത്തിലെ ലൈബ്രേറിയന്‍ ആണ് രാധ. മക്കളായ അമ്പാടിക്കണ്ണനും ആരോമലുണ്ണിയും ഇവര്‍ക്ക് പിന്തുണയേകി കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ളവര്‍ മാത്രം ചെയ്യേണ്ട ഒന്നല്ല പ്ലാസ്റ്റിക് മാലിന്യം പെറുക്കി മാറ്റുന്ന സദ്പ്രവൃത്തി എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന കേരളത്തിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് ഇതെന്നും ഈ ദമ്പതികള്‍ ഉറപ്പിച്ചു പറയുന്നു. അവനവന് ആത്മസുഖത്തിന് ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണമെന്ന ശ്രീനാരായണഗുരുവചനം സ്വന്തം ജീവിതത്തിലൂടെ പ്രവൃത്തിപഥത്തില്‍ എത്തിക്കുകയാണ് ഈ മാതൃകാ ദമ്പതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: