ന്യൂയോര്‍ക്ക്: ഒന്നര പതിറ്റാണ്ടോളം കാലം ഭാരത ക്രിക്കറ്റ് ടീമിന്റെ അനിഷേധ്യ സാന്നിധ്യമായിരുന്നു ദ്രാവിഡ്. ബാറ്റിങ് നിരയിലെ വന്മതില് എന്ന് ലോക ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വിശേഷണത്തിന് അര്‍ഹനായ താരം.
ഭാരത ക്രിക്കറ്റ് ടീമില്‍ ദീര്‍ഘകാലത്തോളം അനിഷേധ്യ സാന്നിധ്യമായി തുടര്‍ന്നിട്ടും കളിച്ച കാലയളവിലൊന്നും ഒരു ലോക കിരീടം നേടാന്‍ സാധിക്കാതെയാണ് താരം കളി നിര്‍ത്തി പോയത്. 2003ല്‍ ഏകദിന ലോകകപ്പ് ഫൈനലിലെത്തി ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. തൊട്ടടുത്ത ലോകകപ്പില്‍ 2007ല്‍ ടീമിനെ നയിച്ചുകൊണ്ട് കരീബിയന്‍ ദ്വീപിലെത്തി. ആദ്യ റൗണ്ടില്‍ തന്നെ അമ്പേ പരാജയത്തോടെ മടങ്ങി. പിന്നീട് അധിക കാലം നായക പദവിയില്‍ തുടര്‍ന്നില്ല. അക്കാലത്താണ് ട്വന്റി20 ക്രിക്കറ്റ് കൂടുതല്‍ സജീവമായത്. പക്ഷെ രാഹുല്‍ അതില്‍ സ്ഥിര സാന്നിധ്യമേ ആയില്ല. അതുകൊണ്ട് തന്നെ 2007ലെ പ്രഥമ ലോക കിരീടം നേടിയ ട്വന്റി20 ടീമില്‍ രാഹുല്‍ ഉണ്ടായിരുന്നില്ല. പിന്നീട് 2011ല്‍ ഭാരതം ഏകദിന ലോകകിരീടം നേടിയപ്പോഴും ദ്രാവിഡ് ടെസ്റ്റില്‍ മാത്രമായി കരിയര്‍ പരിമിതപ്പെടുത്തിയിരുന്നു.
പിന്നെ കാലം കുറേ കഴിഞ്ഞു കുഞ്ഞന്‍ ടീം പരിശീലകനായി ലോക കിരീടം നേടിക്കൊടുത്തു. അതിന്റെയെല്ലാം മകിവില്‍ ഭാരത സീനിയര്‍ ടീം പരിശീലക വേഷത്തില്‍ 2021ല്‍ കൂടിചേര്‍ന്നു. ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ ഭാരതം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ടൂര്‍ണമെന്റുകളില്‍ കിരീടം നേടുന്നതില്‍ മാത്രം വീഴ്ച്ചപറ്റി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയിലെല്ലാം ടീം പരാജയത്തിന്റെ ചൂട് നന്നായി അറിയുന്ന കാഴ്ച്ചയാണ് കണ്ടുവന്നത്. ഈ അതുല്യ പ്രതിഭയുടെ പൂര്‍ണതയ്ക്ക് ഒരു കിരീടം അത്യാവശ്യമാണ്. ഇന്ന് ആരംഭിക്കുന്ന ഒമ്പതാം ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് പ്രകടനം പൂര്‍ത്തിയാകുന്നതോടെ ഭാരതവുമായുള്ള ദ്രാവിഡിന്റെ പരിശീലക കരാര്‍ അവസാനിക്കും. അക്കാര്യം ദ്രാവിഡ് നേരിട്ട് അറിയിക്കുകയും ചെയ്തിരിക്കുന്നു. പുതിയ പരിശീലകനെ തേടിയുള്ള ബിസിസിഐയുടെ അപേക്ഷ ക്ഷണിക്കലിലേക്ക് താന്‍ പ്രതികരിച്ചിട്ടില്ലെന്ന കാര്യം ദ്രാവിഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: