തൃശ്ശൂര്‍ : തൃശ്ശൂരിലെ എന്‍ഡിഎ വിജയം ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ തൃശ്ശൂരിലെ എന്‍ഡിഎ- ബിജെപി ക്യാമ്പുകള്‍ സജീവമായിരുന്നു. എണ്ണയിട്ട യന്ത്രം കണക്കെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഒരു മനസ്സോടെ വിജയം ലക്ഷ്യമാക്കി നടത്തിയ കുതിപ്പാണ് ഒടുവില്‍ വെന്നിക്കൊടി പാറിച്ചത്. പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും എന്‍ഡിഎക്ക് ആയിരുന്നു മേല്‍ക്കൈ.
തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മാസങ്ങള്‍ മുന്‍പ് വോട്ടുചേര്‍ക്കല്‍ മുതല്‍ അവസാന നിമിഷത്തിലെ പോളിംഗ് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ അനീഷ്കുമാറും സഹപ്രവര്‍ത്തകരും വിജയം കൈപ്പിടിയിലാക്കി. ആസൂത്രണത്തിനായി സംസ്ഥാന നേതാക്കള്‍ തൃശ്ശൂരില്‍ ക്യാമ്പ് ചെയ്തു. മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ക്കായിരുന്നു മണ്ഡലത്തിന്റെ ചുമതല. ബൂത്തുതല പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന നേതൃത്വം വരെ സജീവമായി തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്കി.ബിഡിജെഎസ് ഉള്‍പ്പെടെ ഘടകകക്ഷികളും ശക്തമായ പിന്തുണയുമായി ഒപ്പം നിന്നു.
ഒരു വീഴ്ചയും സംഭവിക്കാത്ത മികവുറ്റ ആസൂത്രണത്തോടെ നടത്തിയ ഈ പ്രവര്‍ത്തനമാണ് തൃശ്ശൂരില്‍ മിന്നുന്ന വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കും സഹായകമായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഈ വിജയം ബിജെപിക്ക് സംസ്ഥാനത്ത് വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. 6 അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയ വിജയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനായാല് സംസ്ഥാന രാഷ്ട്രീയത്തില്‍ അത് വലിയ പരിവര്‍ത്തനത്തിന് ഇടയാക്കും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍.
ചരിത്ര വിജയമാണ് തൃശൂര്‍ ജനത സമ്മാനിച്ചത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ തൃശൂരിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു.2019 ല്‍ നഷ്ടപ്പെടുത്തിയ സൗഭാഗ്യം ഇത്തവണ തൃശ്ശൂര്ക്കാര് തിരിച്ച് പിടിച്ചു. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നൂറ് ശതമാനവും സംരക്ഷിക്കുന്നതിന് പാര്‍ട്ടിയും മുന്നണിയും പ്രതിജ്ഞാബദ്ധമാണ്. ബി ജെ പിക്കും സുരേഷ് ഗോപിക്കുമെതിരെ എതിരാളികള്‍ നടത്തിയ നുണപ്രചരണങ്ങള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ തളളിക്കളഞ്ഞു. ബിജെപിയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും പ്രയത്നത്തിനും ഫലമുണ്ടായിരിക്കുന്നു. കൊടുംചൂടിനെ കൂസാതെ എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനം ചലിപ്പിച്ച എല്ലാ പ്രവര്‍ത്തകരോടും പ്രസ്ഥാനം കടപ്പെട്ടിരിക്കുന്നുവെന്നും അനീഷ് കുമാര്‍ പറഞ്ഞു.
സുരേഷ് ഗോപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച തൃശ്ശൂരിലെ വോട്ടര്‍മാരെ ബിജെപി പാലക്കാട് മേഖല അദ്ധ്യക്ഷനും തൃശ്ശൂര്‍ ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അഭിനന്ദിച്ചു. തൃശ്ശൂരിലെ ചരിത്രവിജയം എന്‍ഡിഎയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കയാണ്. തൃശ്ശൂരിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യും. വിജയത്തിനായി വിശ്രമമില്ലാത്തെ പരിശ്രമിച്ച പ്രവര്‍ത്തകരെയും, അഭ്യുദയകാംക്ഷികളെയും അഭിനന്ദിക്കുന്നതായും വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: