സുരേഷ് ഗോപിയ്ക്ക് എതിരാളികളില്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള കുതിപ്പാണ് തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി നടത്തിയത്. ഏകദേശം 60000 വോട്ടുകള്‍ക്കധികം ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍. ഇതോടെ താരം ഏതാണ്ട് വിജയമുറപ്പിച്ചിരിക്കുകയാണ്.
തൃശൂരില്‍ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചു തുടങ്ങി. സുരേഷ് ഗോപിയുടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഒഴുകിയെത്തുകയാണ്. സുരേഷ് ഗോപിയെ കാറിലല്ല, വിമാനത്തില്‍ തന്നെ തൃശൂരില്‍ ആഹ്ളാദപ്രകടനത്തിന് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.
തീരദേശത്തെ വോട്ടുകള്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി എന്ന് ആദ്യ റൗണ്ടുകളിലെ കണക്കുകള്‍ പറയുന്നു. ധീവര സമുദായത്തിന് ഏറെ മുന്‍തൂക്കമുള്ള പ്രദേശമാണ് തീരദേശം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ കോട്ടയായിരുന്നു.
വോട്ടെണ്ണലില്‍ ഒരു ഘട്ടത്തിലും സുരേഷ് ഗോപി പിന്നാലിയില്ല എന്നതാണ് പ്രത്യേകത. മാത്രമല്ല, സുരേഷ് ഗോപിയെ തോല്പിക്കാനായി അവസാന നിമിഷം ടി.എന്‍.പ്രതാപനെ മാറ്റി തൃശൂരില്‍ മത്സരിക്കാനെത്തിയ കെ. മുരളീധരന് മൂന്നാമതായി എന്നതും തൃശൂരിന്റെ പ്രത്യേകതയായി. വി.എസ്. സുനില്‍കുമാര്‍ രണ്ടാമതായി. എന്നാല്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ സുനില്‍കുമാറും കെ. മുരളീധരനും വലിയ വോട്ട് വ്യത്യാസമില്ലാതെ നിലകൊള്ളുന്നു.
2019ല്‍ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ടി.എന്‍. പ്രതാപന് വിജയിച്ച മണ്ഡലത്തിലാണ് ആ ഭൂരിപക്ഷം മറികടന്ന് സുരേഷ് ഗോപി 60000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: