തിരുവനന്തപുരം: കൊല്ലം പരവൂര്‍ കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണം കുറ്റാരോപിതരെ രക്ഷിക്കുന്നതിനായുള്ള ഒത്തുകളിയായിരുന്നു എന്ന് ആരോപണം. അന്വേഷണത്തിന് കുറ്റാരോപിതന്റെ ജൂനിയറും അതേ റാങ്കിലുമുള്ള ഉദ്യോഗസ്ഥയെ നിയോഗിച്ചതുതന്നെ അന്വേഷണ നടപടികള്‍ അട്ടിമറിക്കുന്നതിനാണ് എന്നും കേസിലെ നിര്‍ണായക തെളിവായ ആത്മഹത്യാ കുറിപ്പ് അന്വേഷണ ഉദ്യോഗസ്ഥ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്നും ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യ സമിതി ആരോപിച്ചു. ടെലിഫോണില്‍ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അത് നല്‍കിയില്ല എന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്.
ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ളവര്‍ അനീഷ്യക്ക് എതിരെ ഗൂഢാലോചന നടത്തി എന്ന് ബോധ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പ് ബോധപൂര്‍വം അന്വേഷണപരിധിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നും ജസ്റ്റിസ് ഫോര്‍ അനീഷ്യ ആരോപിച്ചു. അന്വേഷണത്തില്‍, കൂടുതല്‍ പേര് കുറ്റാരോപിതര്‍ക്ക് അനുകുലമായാണ് മൊഴി നല്‍കിയത് എന്ന് വരുത്തിതീര്‍ക്കാന്‍ അനീഷ്യയെ കുട്ടം ചേര്‍ന്ന് പീഡിപ്പിച്ച വിവരം നേരിട്ട് അറിയാവുന്നവരുടെ മൊഴി എടുക്കാന്‍ തയ്യാറായില്ല. ഡിഡിപി (അഡ്മിനിസ്ട്രേഷന്) ആയിരുന്ന പ്രേംനാഥ് ഇത്തരത്തില്‍ മൊഴി എടുക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ട ആളാണ്. ഇദ്ദേഹം മൊഴി നല്കാന് തയ്യാറാണ് എന്ന് രേഖാമൂലം അറിയിച്ചിട്ടും അദ്ദേഹത്തെ ഒഴിവാക്കി. വിവരാവകാശ നിയമപ്രകാരം അക്കാര്യം അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ആരും സ്വമേധയാ മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ല എന്ന മറുപടിയാണ് ലഭ്യമാക്കിയത്. കുറ്റാരോപിതനായ ഡിഡിപി അബ്ദുള്‍ ജലീല്‍ പ്രത്യേക യോഗം വിളിച്ച് സഹപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് അനീഷ്യയെ തേജോവധം നടത്തിയതിന്റെ ശബ്ദരേഖ കയ്യിലുള്ള അഡ്വ. രശ്മിയേയും തെളിവെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി.
അനീഷ്യയുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിന് ടേംസ് ഓഫ് റഫറന്‍സ് ഉണ്ടായിരുന്നില്ല എന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥ മൊഴി എടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പുറപ്പെടുവിച്ച ഉത്തരവില്‍, അന്വേഷണത്തിന് പ്രോസിക്യൂഷന് ആവശ്യമായ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറണം എന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അത്തരം ഒരു രേഖയും കൈമാറിയതായി രേഖയില്ല. ഇത്തരത്തില്‍ രേഖകള്‍ കൈമാറാന്‍ നിയുക്തനായ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഗൂഢാലോചനയില്‍ പങ്കുകാരനാണെന്ന് അനീഷ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പരമാര്ശിക്കപ്പെട്ട ഉദ്യോഗസ്ഥനാണ്. കുറ്റാരോപിതനായ ഡിഡിപി അബ്ദുള്‍ ജലീല്‍ പ്രത്യേക യോഗം വിളിച്ച് അനീഷ്യയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമായി ചര്‍ച്ച ചെയ്തത് അനീഷ്യയെ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍വച്ച് അപമാനിക്കുന്നതിനും, അവരെ കുറിച്ച് മറ്റ് എപിപിമാരില് ശത്രുത ഉണ്ടാക്കുന്നതിനുമായിരുന്നു.
അവധി എടുക്കാതെ ജോലിക്ക് ഹാജരാവാതിരുന്ന കുറ്റാരോപിതന് എപിപി ശ്യാംകൃഷ്ണ നല്കിയ അവധി അപേക്ഷകള്‍ അന്വേഷണ ഉദ്യോഗസ്ഥ പരിശോധനയ്ക്ക് വിധേയമാക്കാതെ ഇദ്ദേഹം ആരോപണവിധേയമായ ദിവസങ്ങളില്‍ അവധി എടുത്തു എന്ന് കളവായി റിപ്പോര്‍ട്ട് ഉണ്ടാക്കി. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും കുറ്റാരോപിതരെ രക്ഷിക്കുന്നതിനു വേണ്ടി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ബോധ്യപ്പെടുന്നതാണ്. ഈ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയാണ് കുറ്റാരോപിതര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയത്.
ഈ ജാമ്യം റദ്ദ് ചെയ്യുന്നതിന് അനീഷ്യ ഐക്യദാര്‍ഢ്യ സമിതിയും അനീഷ്യയുടെ കുടുംബവും കോടതിയെ സമീപിക്കുമെന്ന് ജസ്റ്റിസ് ഫോര്‍ അനീഷ്യ ഭാരവാഹികള്‍ പറഞ്ഞു. കുറ്റാരോപിതരെ വെള്ളപൂശുന്നതിനായി വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് ഇതിനകം പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യ സമിതി പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ഇ. ഉഷ, കെ.വി. ഷാജി, കെ. ഹരിശ്ചന്ദ്രന്, എസ്. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: