ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവർത്തകർ വീട്ടിൽ ടിവിയിൽ കാണേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ കോൺഗ്രസ് പ്രവർത്തകർ ഡി സി സി, പി സി സി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണമെന്ന് കോൺഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി.
കോൺഗ്രസിന്റെ ഓഫീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവിടേക്ക് പ്രവർത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും പാർട്ടി നിർദേശം നൽകി. വോട്ടെണ്ണൽ വിലയിരുത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിങ് സെന്റർ ഡൽഹിയിൽ പ്രവർത്തിക്കും.
ഏതെങ്കിലും വോട്ടെണ്ണൽ കേന്ദ്രത്തിൽ സംശയാസ്പദമായ വല്ലതും സംഭവിച്ചാൽ ഫോണിൽ റെക്കോഡ് ചെയ്ത് ആ വീഡിയോ അടിയന്തിരമായി +91 7982839236 എന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് അയക്കണം. വോട്ടെണ്ണലിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ +91 9560822897 എന്ന നമ്പറിലേക്കും അയക്കാം. ക്രമക്കേടുകൾ തടയാൻ അഭിഭാഷകരെ സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും കോൺഗ്രസ് വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: