Kerala

വി.എം. കൊറാത്ത് വാര്‍ത്തയില്‍ കണിശത പുലര്‍ത്തിയ പത്രാധിപര്‍: എം. സുധീന്ദ്രകുമാര്‍

Published by

കോഴിക്കോട്: പത്രാധിപര്‍ എന്ന നിലയില്‍ മാധ്യമരംഗത്ത് നിര്‍ഭയത്വം പ്രകടിപ്പിച്ച പത്രാധിപരായിരുന്നു വി.എം. കൊറാത്തെന്ന് മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ എം. സുധീന്ദ്രകുമാര്‍. തപസ്യ സംഘടിപ്പിച്ച, ജന്മഭൂമി മുന്‍ പത്രാധിപര്‍ വി.എം. കൊറാത്തിന്റെ അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രപ്രവര്‍ത്തനത്തിന്റെ യൗവനകാലത്ത് ധീരമായ നിലപാടുകളുള്ള പത്രാധിപരായിരുന്നു അദ്ദേഹം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിന് വേണ്ടി മാധ്യമ മാനേജ്‌മെന്റിനോട് കലഹിക്കാന്‍ തയാറായ, വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശവാദിയായിരുന്നു അദ്ദേഹം. സ്വന്തം ജോലി അപകടത്തിലാണെന്നറിഞ്ഞിട്ടും തന്റേടമുള്ള നിലപാട് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു, സുധീന്ദ്രകുമാര്‍ പറഞ്ഞു.

വാര്‍ത്തകളില്‍ ധീരത കാട്ടുന്ന മിക്ക മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹത്തിനുമുന്നില്‍ ഭീരുക്കളായിരുന്നു. എന്നാല്‍ കൊറാത്ത് അതില്‍ നിന്നും വ്യത്യസ്തനായി. കലഹിക്കുകയെന്ന മാധ്യമപ്രവര്‍ത്തകന്റെ ധര്‍മ്മം പോയ്മറഞ്ഞു.

വാര്‍ത്താ ചാനലുകളുടെ വരവോടെ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ന്നു. അവതാരകര്‍ പക്ഷപാതികളും തീര്‍പ്പ് കല്‍പ്പിക്കുന്നവരുമായി. മാധ്യമങ്ങള്‍ വിശ്വാസ്യത നിലനിര്‍ത്തിയില്ലെങ്കില്‍ കടിഞ്ഞാണില്ലാത്ത നവമാധ്യമങ്ങള്‍ രംഗം കീഴടക്കും. നിലവിലെ ബാല്യങ്ങള്‍ പുസ്തകത്തിലേക്ക് തിരിച്ചുപോകുന്നത് പത്രവായനയ്‌ക്ക് പ്രത്യാശ പകരുന്നതാണ് അദ്ദേഹം പറഞ്ഞു.

തപസ്യ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ മാധ്യമ നൈതികത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എയിംസ് എന്‍ട്രന്‍സ് റാങ്ക് ജേതാവ് നവനീത മേനോക്കി, മാഗ്‌കോം മികച്ച വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ ഹരിദാസ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. തപസ്യ അംഗത്വ വിതരണം കര്‍ണാടക സംഗീതജ്ഞ ഡോ. സുധാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല അധ്യക്ഷന്‍ ആര്‍ട്ടിസ്റ്റ് നീലകണ്ഠന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കൃഷ്ണ കുമാര്‍ വെട്ടിയാട്ടില്‍, ശശികല ജയരാജ്, സി.വി. സത്യഭാമ എന്നിവര്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക