കോട്ടയം: പാലാ നഗരപരിധിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് നഗരസഭ ചെയര്മാന് ഷാജി തുരുത്തല്‍. ഇതടക്കമുള്ള ട്രാഫിക് പരിഷ്കാരങ്ങള്‍ പുതിയ അധ്യായന വര്‍ഷം പ്രമാണിച്ച് ചെയര്മാന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള നടപടി വിവിധ തുറകളിലുള്ളവര്‍ പരക്കെ സ്വാഗതം ചെയ്തു. ഓട്ടോ ഡ്രൈവര്‍മാരില്‍ കുറച്ചുപേരെങ്കിലും യാത്രക്കാരോട്് മോശമായി പെരുമാറുന്നവരും തോന്നിയ കൂലി വാങ്ങുന്നവരുമാണെന്നതിനാല് തിരിച്ചറിയല്‍കാര്‍ഡ് ഏര്‍പ്പെടുത്തുന്നത് അവരില്‍ സ്വാഭാവികമായും ഉത്തരവാദിത്വബോധം ഉണ്ടാക്കുമെന്നാണ് നിരീക്ഷണം. എന്നാല്‍ പ്രഖ്യാപനത്തിനപ്പുറം ഇത് നടപ്പാക്കി കാണിക്കാന്‍ ഷാജി തുരുത്തന് ധൈര്യം കാണിക്കുമോ എന്നാണ് സംശയം. ഒരുവര്‍ഷം മാത്രം ആയുസുള്ള ചെയര്മാന് പദവിയിലിരുന്നു കൊണ്ട് സംഘടിതരായ ഓട്ടോ ഡ്രൈവര്‍മാരെ പിണക്കാന്‍ അദ്ദേഹം തയ്യാറാകുമോ എന്ന്് കണ്ടറിയണം.
നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ ബസ്റ്റോപ്പില്‍ വൈകിട്ട് പോലീസിനെ നിയോഗിക്കും, സബ്ജയിലിനു സമീപം ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശത്തായി റോഡിന്റെ ഇരുവശങ്ങളിലുള്ള അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കും, നഗരസഭ പരിധിയില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധത്തില്‍ അനധികൃതമായ സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടകള്‍ നീക്കംചെയ്യും, ജനറല്‍ ആശുപത്രി റോഡില്‍ പാര്‍ക്കിംഗ് ഒരു വശത്തേക്ക് മാത്രമാക്കും ടി ബി റോഡില്‍ ഒരു സമയത്ത് മൂന്ന് ഓട്ടോ റിക്ഷ മാത്രമേ അനുവദിക്കൂ, ടൗണ്‍ ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്ത് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല തുടങ്ങിയ പ്രഖ്യാപനങ്ങളും നഗരസഭ അധ്യക്ഷന്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: