വയനാട്ടിലെ വനവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവം. മീനം ഒന്നു മുതല്‍ 14 വരെയുള്ള ആറാട്ട് മഹോത്സവം ജില്ലയിലെ ഏറ്റവും വലിയ ഉത്സവമാണ്. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഉത്സവം തുടങ്ങി ഏഴാം നാളാണ് ഇവിടെ കൊടിയേറ്റം. കാര്‍ഷിക ജനതയും വനവാസികളുമായുള്ള കാവിന്റെ ബന്ധം ഒന്ന് വേറെ തന്നെയാണ്. ഉത്സവം കഴിഞ്ഞ് ഏഴാം നാളാണ് കൊടിയിറക്കവും. ഉത്സവ നാളില്‍ താഴേകാവിലും മേലേക്കാവിലും എക്‌സിബിഷന്‍ സ്റ്റേജിലും ഉത്സവ പറമ്പിലും നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളിലേക്ക് ജില്ലയ്‌ക്ക് പുറത്ത് നിന്നും ജനങ്ങള്‍ ഒഴുകിയെത്തും. പണ്ട് വള്ളിയൂര്‍ക്കാവില്‍ കുളിച്ച് തൊഴലായിരുന്നു പ്രധാനം. താഴേകാവിന് അടുത്തുള്ള കബനി നദിയില്‍ കുളിച്ച് ഈറനായി അമ്മയെ വണങ്ങുന്നതായിരുന്നു ആചാരം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ഭിന്നമായി വൈവിധ്യമാര്‍ന്ന ഉത്സവാഘോഷ ചടങ്ങുകളാണ് വള്ളിയൂര്‍ക്കാവിലേത്.
പള്ളിയറ വാള്‍ എഴുന്നള്ളിപ്പ്
മാനന്തവാടി താഴെയങ്ങാടി പാണ്ടിക്കടവിന് അടുത്തുള്ള പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വള്ളിയൂരമ്മയുടെ തിരുവായുധമായ പള്ളിയറവാള്‍, കുത്ത്‌വിളക്ക് താളവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ഒറ്റയാനപ്പുറത്ത് എഴുന്നള്ളിക്കുന്നതാണ് പള്ളിയറ വാള്‍ എഴുന്നള്ളിപ്പ്. മേല്‍ശാന്തിയാണ് വാള്‍ എഴുന്നള്ളിക്കുക. മീനം ഒന്നിന് തലേനാളാണ് ചടങ്ങ്. മുന്‍ കാലങ്ങളില്‍ ദൈവികമായ ചെറിയ ചടങ്ങ് മാത്രമായിരുന്നു ഇത്. ക്ഷേത്രം ട്രസ്റ്റിമാര്‍ ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ ഭക്തജനങ്ങള്‍ പൗര പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ ഭാഗഭാക്കാകും. പള്ളിയറ വാള്‍ എഴുന്നള്ളിപ്പ് ദര്‍ശിക്കുന്നതിനായി പള്ളിയറ ക്ഷേത്രം മുതല്‍ കാവുവരെ പാതയോരങ്ങളില്‍ ജനസഞ്ചയം ഉണ്ടാകും. താഴെക്കാവിലെ മണിപുറ്റിലാണ് പള്ളിയറവാള്‍ സൂക്ഷിക്കുക. ഉത്സവ നാളുകളില്‍ ഭക്തജനങ്ങള്‍ക്ക് വാള്‍ ദര്‍ശിക്കാന്‍ അവസരമുണ്ട്. ഉത്സവം കഴിഞ്ഞ് മീനം 15ന് രാവിലെ പള്ളിയറവാള്‍ തിരിച്ച് എഴുന്നള്ളിക്കും.
അരിയളവ്
പാട്ടുപുരയില്‍ നാല് നിലവിളക്ക് തെളിയിച്ച് ഗണപതിക്ക് പഴം ശര്‍ക്കര വെറ്റില അടക്ക, കല്‍ക്കണ്ടം, മുന്തിരി എന്നിവ സമര്‍പ്പിച്ച് ഉത്സവത്തിന് വേണ്ട അരി സ്ഥാനീയനായ കല്ലറപ്പായില്‍ തറവാട്ട് കാരണവര്‍ അളന്ന് കൊടുക്കുന്ന ചടങ്ങാണ് അരിയളവ് കല്ലറപ്പായില്‍ കുടുംബം അരി അളന്ന് കഴിഞ്ഞാന്‍ അത്താഴത്തിനുള്ള അരി വടക്കുംമാന്ദാനത്ത് വാര്യര്‍ അളന്ന് നല്‍കും. തുടര്‍ന്ന് ദേഹണ്ണം ചാര്‍ത്തല്‍ എന്ന ചടങ്ങ് നടത്തും. മീനം ഒന്നിന് തലേനാളാണ് അരിയളവും.
കഷണം മുറി
ദേഹണ്ണം ചാര്‍ത്തല്‍ ചടങ്ങിന് ശേഷം പാട്ട് പുരക്ക് ഇടത് വശത്ത് കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ മേല്‍ശാന്തി ഭക്ഷണത്തിനുള്ള കറിയുടെ കഷണം മുറിക്കല്‍ ചടങ്ങ് നടത്തും. ഇതാണ് കഷണം മുറി. തുടര്‍ന്ന് മേലേക്കാവില്‍ ദീപാരാധനയും നടക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: