തിരുവനന്തപുരം: കാലവര്‍ഷമെത്തിയതോടെ മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ചുവപ്പ് ജാഗ്രത പുറപ്പെടുവിച്ചു.
ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
അപ്രതീക്ഷിതമഴയാണ് പെയ്യുന്നതെന്നും ഇത്രയും തീവ്രമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴക്കെടുതിക്കെടുതി ഒഴിയും വരെ റവന്യൂ ഉദ്യോഗസ്ഥര്‍ അവധിയെടുക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ജോലിസ്ഥലം വിട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.
അതിനിടെ തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം. വടപ്പാട് കോതകുളം ബീച്ചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ വീടിനു പുറത്തുളള കുളിമുറിയില്‍ കുളിക്കവെയാണ് നിമിഷയ്‌ക്ക് ഇടിമിന്നലേറ്റത്. വീടിനകത്തിരിക്കുമ്പോഴാണ് ഗണേശന് മിന്നലേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: