ബംഗളുരു : കേരളത്തിലെ കണ്ണൂര്‍ തളിപ്പറമ്പിലെ രാജ രാജേശ്വര ക്ഷേത്രത്തിന് സമീപത്ത് ഉപമുഖ്യമന്ത്രിയായ തന്നെയും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം(അഗ്നിബലി), പഞ്ചബലി എന്നീ കർമങ്ങള്‍ നടത്തിയെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍.
ശിവകുമാര്‍ രാജരാജേശ്വര ക്ഷേത്രത്തെയാണ് വിമര്‍ശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞതോടെ ശിവകുമാര്‍ വെട്ടിലായി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതായും രാജരാജേശ്വരി ദേവിയുടെ ഭക്തനാണ് താനെന്നും പൂജ നടന്നത് രാജരാജേശ്വര ക്ഷേത്രത്തിന്റെ 15 കിലോമീറ്റർ അകലെയുള്ള സ്വകാര്യ സ്ഥലത്താണെന്നും പൂജ നടന്ന സ്ഥലം പറയാൻ മാത്രമാണ് ക്ഷേത്രത്തെ ഉദ്ധരിച്ചതെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും രാജരാജേശ്വര ക്ഷേത്രം ശിവകുമാര്‍ പറഞ്ഞതുപോലെ അത്തരം മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്ററുടെ പ്രതികരണം. ഇതോടെ ശിവകുമാര്‍ ശരിക്കും വെട്ടിലായി. ഇന്ത്യാമുന്നണിയിലെ ഘടകകക്ഷിയായ സിപിഎമ്മിന്റെ നേതാവ് തന്നെ തനിക്കെതിരെ തിരിഞ്ഞതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലായതോടെ ഡി.കെ. ശിവകുമാര്‍ പിന്നെ തിരുത്തുമായി രംഗത്തെത്തിയത്.
“21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോഗിച്ചു.
തനിക്കെതിരായാണ് ഈ മൃഗബലി നടത്തിയതെന്നും ഡി കെ ശിവകുമാർ ആരോപിച്ചിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവർത്തികൾ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തന്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന ചരട് എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു.
കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞിരുന്നു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. .യാഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: