തിരുവല്ല: കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലിയും ആഭിചാരവും ഇല്ലെന്ന് തന്ത്രിയും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷനുമായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. തനിക്കും കോണ്‍ഗ്രസിനും എതിരെ കേരളത്തിലെ ക്ഷേത്രത്തില്‍ നടത്തിയ ശത്രുഭൈരവ യാഗത്തില്‍ 52 മൃഗങ്ങളെ ബലി കൊടുത്തെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രശാസ്ത്രത്തിലും മന്ത്രശാസ്ത്രത്തിലും പറയുന്ന ഷഡ്കര്‍മ്മങ്ങളില്‍ മൃഗബലിയും ആഭിചാരവും ഉള്‍പ്പെടുന്നില്ല. ഇതറിയാത്തവരാണ് ഇത്തരം തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ നടത്തുന്നത്. ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഒരുപാടുപേര് ഉള്ളതിനാല്‍ ഇങ്ങനെയൊക്കെ നടക്കും എന്നു വാദിക്കുകയാണ്. ഇതു കേള്‍ക്കുമ്പോള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നു പൊതു സമൂഹം തെറ്റിദ്ധരിക്കുമെന്ന് അദ്ദേഹം ‘ജന്മഭൂമി’യോടു പറഞ്ഞു.
ആരായാലും ആരാധനാ കര്‍മത്തിന്റെ മാര്‍ഗത്തില്‍ പോകുന്നവര്‍ തികച്ചും സസ്യാഹാരിയായിരിക്കണം, മൂന്നു നേരം സന്ധ്യാവന്ദനം ചെയ്യുന്നവരാകണം എന്നൊക്കെ നിബന്ധനകളുണ്ട്. അങ്ങനെയുള്ളവരാണ് പൂജാ കര്‍മത്തിന്റെ മാര്‍ഗത്തില്‍ പോകേണ്ടത്. ആചാരങ്ങളുടെ പേരില്‍ അതുമിതും കാട്ടുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്ക് വ്യക്തതയുണ്ട്. അതിനൊരു നിയമമുണ്ട്. അതു പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഹിന്ദു സമൂഹത്തിലൊട്ടാകെ ഈ നിബന്ധനകള്‍ ഒന്നാണ്. അതില്‍ ജാതി വ്യത്യാസങ്ങള്‍ ഒന്നുമില്ല.
സാമ്പത്തിക ലഭ്യതയ്ക്കു വേണ്ടി ഭീകരത സൃഷ്ടിക്കാന്‍ ചിലരെ പ്രേരിപ്പിക്കാനുള്ള കളികളാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. ഇതൊന്നും ഹൈന്ദവ ശാസ്ത്രത്തില്‍ ഉള്ളതല്ല. ഇത്തരം കാര്യങ്ങള്‍ നിയമംമൂലം നിരോധിച്ചിട്ടുള്ളതുമാണ്. അഴിമതിപ്പണം ഏറെ കൈയിലുള്ളവര്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ കാട്ടുന്ന നികൃഷ്ടമായ പരിപാടികളാണ് ഇതെല്ലാം. ഇതിലൊന്നും ഈശ്വരന് പ്രസാദിക്കില്ല. എന്നുമാത്രമല്ല, ഇങ്ങനെ കാട്ടുന്നവര്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിയും വരും. ഹിന്ദു സമൂഹത്തിലോ ക്ഷേത്രങ്ങളിലോ ഇല്ലാത്ത ആചാരങ്ങളെക്കുറിച്ചാണ് ഇവര്‍ പറയുന്നത്. ഇതിനെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: