ഇന്‍ഡോര്‍ (മധ്യപ്രദേശ്): ജനക്ഷേമഭരണത്തിന്റെ സമാനതകളില്ലാത്ത മാതൃക തീര്‍ത്ത മാള്‍വ റാണി ലോകമാതാ ദേവി അഹല്യാബായി ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൈലാസം മുതല്‍ രാമേശ്വരം വരെയും സോമനാഥം മുതല്‍ ജഗന്നാഥപുരി വരെയും അഹല്യാബായി തീര്‍ത്ത നിര്‍മ്മിതികള്‍ ഭാരത ഏകതയുടെ അടയാളങ്ങളായി.
അധിനിവേശശക്തികള്‍ തകര്‍ത്ത കാശി വിശ്വനാഥക്ഷേത്രത്തിന്റെ പുനരുദ്ധാരണവും മണികര്ണികാഘട്ടിന്റെയും ഗംഗാ ആരതി ഘട്ടുകളുകളുടെയും നിര്‍മാണവും അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനായി നടത്തിയ പരിശ്രമങ്ങളും സരയൂഘട്ടിന്റെ നിര്‍മാണവും എല്ലാം അഹല്യാബായിയെ ഭാരതചരിത്രത്തിലെ ഐതിഹാസിക വനിതയാക്കി.
മഹാരാഷ്ട്രയിലെ അഹമ്മദ്ഗഡില്‍ പിന്നാക്കസമുദായമായ ധന്ഗര് വിഭാഗത്തില്‍ പിറന്ന ഒരു സാധാരണ പെണ്‍കുട്ടി ചരിത്രത്തിലെ ഏറ്റവും സമര്‍ത്ഥയായ മഹാറാണിയായി മാറിയ കഥയാണ് അഹല്യയുടേത്. മഹേശ്വര് തലസ്ഥാനമാക്കി രാജ്യം ഭരിച്ച അഹല്യാബായി പരുത്തിക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയും നെയ്ത്തുകാര്‍ക്ക് ലോകമെങ്ങും വിപണി കണ്ടെത്തി നല്‍കുകയും ചെയ്തു. ലോകപ്രശസ്ത ഖാദി ബ്രാന്‍ഡായി പിന്നീട് മാറിയ മഹേശ്വരി സാരികളുടെ ഉത്പാദനവിതരണ വ്യവസ്ഥകള്‍ സൃഷ്ടിച്ചത് റാണി അഹല്യാബായിയാണ്.
ഇന്‍ഡോറിനെ രാജ്യത്തിന്റെ വ്യാവസായിക കേന്ദ്രമായി മാറ്റിയതും റാണിയുടെ ദീര്ഘദര്ശനങ്ങളാണ്. മൂന്ന് പതിറ്റാണ്ട് രാജ്യം ഭരിച്ച മഹാറാണി അഹല്യാ ബായിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് 299-ാമത് ജയന്തി ദിനമായ ഇന്ന് ഇന്‍ഡോറില്‍ തുടക്കമാകും. ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷ സമിതിയുടെ നേതൃത്വത്തിലാണ് ഒരു വര്‍ഷം തുടരുന്ന പരിപാടികള്‍.
ഇന്‍ഡോറില്‍ ഇന്ന് വിഖ്യാത ഗായകന് പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യന് ഗൗതം കാലേ അഹല്യബായിയുടെ ജീവിതസവിശേഷതകള്‍ ആസ്പദമാക്കിയുള്ള സ്റ്റേജ് പരിപാടി അവതരിപ്പിക്കും. പദ്മശ്രീ നിവേദിതാ ഭിഡെ മുഖ്യപ്രഭാഷണം നടത്തും. ചിന്മയി മുളെ രചിച്ച ‘ലോകമാതാ അഹല്യബായി ഹോള്‍ക്കര്‍: ദ ക്വീന്‍ ഓഫ് ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റ്’ എന്ന പുസ്തകം പ്രകാശനം ചെയ്യും. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: